ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ ; ഡിജിറ്റല്‍ റീസര്‍വേ നവംബര്‍ ഒന്നിന് തുടങ്ങും
1227950
Thursday, October 6, 2022 11:30 PM IST
തിരുവനന്തപുരം: നാല് വര്‍ഷം കൊണ്ട് 1550 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ റീ സര്‍വേയ്ക്ക് നവംബര്‍ ഒന്നിന് തുടക്കമാകും. ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് സര്‍വേ നടത്തുക.
ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. 12 നും 30 നും ഇടയില്‍ സര്‍വേ സഭകള്‍ രൂപീകരിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മംഗലപുരം വെയിലൂര്‍ വില്ലേജിലെ തോന്നയ്ക്കല്‍ ആശാന് സ്മാരകത്തില്‍ നടക്കും.
ഡിജിറ്റല്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 22 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെങ്ങാനൂര്‍ , വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍ , പള്ളിപ്പുറം, അണ്ടൂര്‍കോണം, കല്ലിയുര്‍ , കീഴ്തോന്നയ്ക്കല്, വെമ്പായം, തേക്കട, മാണിക്കല്‍ , കരകുളം, മലയിന്‍കീഴ്, തൊളിക്കോട്, ഇടയ്ക്കോട്, മുദാക്കല്‍, കീഴാറ്റിങ്ങല്‍, ഒറ്റുര്‍, ചെറുന്നിയുര്‍, വിളപ്പില്‍, കാഞ്ഞിരംകുളം, പരശുവയ്ക്കല്‍ , നെയ്യാറ്റിന്‍കര എന്നീ വില്ലേജുകളിലെ വിവിധ വാര്‍ഡുകളിലാണ് സര്‍വേ നടത്തുക. എല്ലാ വാര്‍ഡിലും സര്‍വേ സഭയില്‍ ഭൂവുടമകളെ ബോധവത്കരിക്കാന്‍ രണ്ടു ഉദ്യോഗസ്ഥരെ നിയോഗിക്കും.
യോഗത്തില്‍ ആദ്യഘട്ടം സര്‍വേ നടക്കുന്ന വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രതിനിധികള്‍ , സര്‍വേ ഡയറക്ടര്‍ , പഞ്ചായത്ത് ഡയറക്ടര്‍ , സര്‍വേയും ഭൂരേഖയും വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ , ജില്ലാ കളക്ടര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.