തൊഴിൽ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
1264626
Friday, February 3, 2023 11:55 PM IST
പേരൂർക്കട: വിദേശരാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ സംഘത്തെ സിറ്റി സൈബർ ടീം പിടികൂടി. വിവിധ വെബ്സൈറ്റുകളിൽ പരസ്യം കണ്ട് അപേക്ഷിച്ചവർക്കാണ് പണം നഷ്ടമായത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി വിശ്വംഭരൻ, തൃശൂർ സ്വദേശി സതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി ആഷിക് എന്നിവരെയാണ് ഡൽഹിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ യുവാവിൽനിന്നു 50 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഇരകളെ ആദ്യഘട്ടത്തിൽ ഫോൺ മുഖാന്തരവും പിന്നീട് ഗൂഗിൾ മീറ്റ് മുഖാന്തരം വിദേശവനിതകൾ വഴിയും സംസാരിച്ചാണ് വലയിലാക്കിയിരുന്നത്. ന്യൂഡൽഹിയിലെ ദ്വാരക സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിൽനിന്നാണു പ്രതികൾ വലയിലായത്.
ഇവർക്കെതിരേ മറ്റു സംസ്ഥാനങ്ങളിലും നിരവധി കേസുകൾ ഉണ്ടെന്നാണ് സൂചന. പ്രതികളിൽനിന്നു വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, സിം കാർഡുകൾ, മറ്റു രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.