വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണസംഭവം; അന്വേഷണം ആരംഭിച്ചു
1338333
Tuesday, September 26, 2023 12:14 AM IST
മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജിലെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് പാരാമെഡിക്കല്‍സ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍നിന്നു വീണു വിദ്യാര്‍ഥിനിക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോ ലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടി മൂന്നാംനിലയില്‍ നിന്നു അശ്രദ്ധമായി ഫോണ്‍ ചെയ്യവേ അബദ്ധവശാല്‍ താഴെ വീഴുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഞായറാഴ്ച രാത്രിയാണ് എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള വനിതാ ഹോസ്റ്റലിന്റെ മുകളിൽ നിന്നു പെണ്‍കുട്ടി വീണത്. വലിയ ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയ സഹപാഠികളാണ് സംഭവം കണ്ടത്. ഇവര്‍ നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന ജീവനക്കാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ പെണ്‍കുട്ടിക്ക് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്നയുടന്‍തന്നെ മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു.
തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണു പെണ്‍കുട്ടി കെട്ടിടത്തില്‍നിന്നും വീണ സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഒന്നും തന്നെയില്ലെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്തിട്ടില്ലായെന്ന് പോലീസ് പറഞ്ഞു.