ഞാൻ നിങ്ങളിൽ ഒരാൾ: ജെറി അമൽദേവ്
1425252
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: ഞാൻ ദന്തഗോപുരത്തിൽ നില്ക്കുന്ന ആളല്ല. നിങ്ങൾക്കൊപ്പം നിങ്ങളിൽ ഒരാളായി നില്ക്കുന്ന വെറുമൊരു മനുഷ്യൻ മാത്രം. മഞ്ഞു പൊഴിയുന്ന ആർദ്ര സംഗീതം മലയാള ഗാനലോകത്തിനു പകർന്ന് നല്കിയ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്റേതാണ് ഈ വാക്കുകൾ. കമുകറ അവാർഡ് ഏറ്റുവാങ്ങി പ്രസംഗിക്കുന്പോഴാണ് പതിവ് ശൈലിയിൽ ജെറി അമൽദേവിന്റെ ഹൃദയത്തിൽ നിന്നൂറിയ സ്നേഹവാക്കുകൾ.
കമുകറ അവാർഡ് വൈകിപ്പോയി എന്നോ നേരത്തേ ലഭിച്ചുവെന്നോ ഒന്നും ഞാൻ കരുതുന്നില്ല. നിങ്ങൾക്കൊപ്പം കുറേ സമയം ചിലവിടാൻ കഴിഞ്ഞ ഈ നിമിഷങ്ങളുടെ സൗന്ദര്യം ആസ്വദിക്കുകയാണ്. തലസ്ഥാനത്തെ സംഗീതാസ്വാദകർ നിറഞ്ഞ സദസിനോടു ജെറി അമൽദേവ് പറഞ്ഞു.
കമുകറ പുരുഷോത്തമനെ പുലി വരുന്നേ പുലി എന്ന സിനിമയിൽ പാടിപ്പിക്കുവാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. പി. ഭാസ്കരൻ മാസ്റ്റർ രചിച്ച ഒരു ഹാസ്യരീതിയിലെ കോറസ് ഗാനമായിരുന്നു അത്. ശാസ്ത്രീയ സംഗീതത്തിൽ പ്രഗത്ഭനായിരുന്ന കമുകറ സ്വന്തം പാണ്ഡിത്യമെല്ലാം മാറ്റിവച്ച് രസകരമായി ഈ ഗാനം പാടുകയായിരുന്നു. നാലാം വയസ് മുതൽ വീട്ടിൽ വരുന്ന അതിഥികൾക്കായി പാട്ടുപാടിയിരുന്ന സംഗീതത്തിന്റെ ഇന്നലെകളിലേക്കും ജെറി അമൽദേവ് സഞ്ചരിച്ചു.
ഇടവക പള്ളിയിൽ അന്ന് ലത്തീൻ ഭാഷയിലായിരുന്ന ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടിയിരുന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. കൊച്ചിയിൽ ഒരുകാലത്ത് ഹിന്ദി പാട്ടുകൾ പാടിയിരുന്ന കഥകൾ പങ്കിട്ടപ്പോൾ യേശുദാസ് കൊച്ചിയിൽ അറിയപ്പെടും മുൻപ് ഇത്തിരിയില്ലാത്ത ജെറി പാടുമായിരുന്നു എന്നും പുഞ്ചിരിയോടെ ജെറി അമൽദേവ് പറഞ്ഞു.
സ്വന്തം ലേഖിക