മതിലിടിഞ്ഞു റോഡിലേക്ക് പതിച്ചു
1425500
Tuesday, May 28, 2024 2:42 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര കൂട്ടപ്പനയ്ക്കു സമീപത്തെ ഗ്രാമീണ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൂറ്റന്‍ മതില് ഇടിഞ്ഞുവീണു. റോഡിലേയ്ക്ക് പതിച്ച മതിലിന്റെ അവശിഷ്ടങ്ങള്‍ മണിക്കൂറുകളോളം നീണ്ട ശ്രമത്തെത്തുടര്‍ന്നാണ് നീക്കം ചെയ്തത്. ഒഴിവായത് വന്‍ ദുരന്തമെന്ന് തദ്ദേശവാസികളും യാത്രക്കാരും പറയുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നന്നായി ഉയര്‍ത്തിക്കെട്ടിയ മതിലിന്റെ താഴത്തെ ഭാഗം ഇളകി മൊത്തമായി ഇടിയുകയായിരുന്നു. മതിലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത് റോഡിലായിരുന്നുവെങ്കിലും അപകടം പുലര്‍ച്ചെയായതിനാല്‍ പരിസരത്ത് ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാരും യാത്രക്കാരും അഭിപ്രായപ്പെട്ടു.
സമീപത്തെ ഹോമിയോ ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങളിലേയ്ക്കും ഇതുവഴിയാണ് ആളുകള്‍ വന്നു പോകുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര് കാല്‍നടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന പാതയാണിതെന്നും തദ്ദേശവാസികള്‍ ചൂണ്ടിക്കാട്ടി.