പരമ്പരാഗത ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണം: വി.ശിവൻകുട്ടി
1436673
Wednesday, July 17, 2024 2:34 AM IST
തിരുവനന്തപുരം : ആരോഗ്യവും, ക്ഷേമവുമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിന് പരമ്പരാഗത ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. അത്തരം ഉദ്ദേശലക്ഷ്യത്തോടെ ആരോഗ്യസംരക്ഷണ പരിപാടികൾ ഏറ്റെടുത്ത ഗാന്ധിസ്മാരക നിധിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗാന്ധിസ്മാരക നിധിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സ്വരാജ് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിയുടെ സ്മരണകളെ പുതിയ തലമുറയിൽ നിന്ന് മറച്ചുപിടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചെറുക്കപ്പെടണം.
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധിവധവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡോ. ജേക്കബ് പുളിക്കൻ, ജി.സദാനന്ദൻ, കൗൺസിലർ മാധവ ദാസ്, വഞ്ചിയൂർ രാധാകൃഷ്ണൻ, എസ്.രാജശേഖരൻ നായർ, വി.കെ. മോഹൻ, സി.എസ് രവീന്ദ്രൻ, എസ്.ഉദയകുമാർ, ടി.ആർ.സദാശിവൻ നായർ, ശോഭകുമാരി എന്നിവർ പ്രസംഗിച്ചു