ജനപ്രിയ വാര്ത്താവതാരകന് രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി
1459523
Monday, October 7, 2024 6:38 AM IST
തിരുവനന്തപുരം: ആകാശവാണിയിലെ ജനപ്രിയ വാര്ത്താവതാരകന് എം. രാമചന്ദ്രന് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം അന്തരിച്ച രാമചന്ദ്രന്റെ ഭൗതിക ദേഹം ഇന്നലെ രാവിലെ 10.30 വരെ മുടവന്മുകളിലെ ശങ്കരന്‍പാറ ലെയ്ന്‍ ലക്ഷ്മീവരത്തിലും തുടര്‍ന്ന് തിരുവനന്തപുരം പ്രസ്ക്ളബിലും പൊതുദര്‍ശനത്തിനുവച്ചു.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേര് വസതിയിലും പ്രസ്ക്ലബ്ബിലുമെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, കോർപറേഷ ൻ മേയര്‍ ആര്യ രാജേന്ദ്രന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, പന്ന്യന്‍ രവീന്ദ്രന്, എം. വിജയകുമാര്‍, സി. ശിവന്‍കുട്ടി, വി.എസ്. ശിവകുമാര്‍,
പ്രഫ. അലിയാര്, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, കെ.എസ് ശബരീനാഥന്, എന്‍. ശക്തന്, പന്തളം സുധാകരന് തുടങ്ങി നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രസ്ക്ലബിലെ പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടന്നു. സഞ്ചയനം 11 ന് രാവിലെ മുടവന്മുകളിലെ വീട്ടില്‍ നടക്കും.