പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു
1576203
Wednesday, July 16, 2025 7:06 AM IST
വെള്ളറട: തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെള്ളട പഞ്ചായത്ത് പരിധിയിലെ ഭക്ഷണസാധനങ്ങള്‍ വില്പന നടത്തുന്ന കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയതും കാലഹരണപ്പെട്ടതുമായ ഭക്ഷണസാധനങ്ങളും ഉപയോഗശൂന്യമായ എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അനധികൃതമായി സൂക്ഷിച്ചു വില്‍പ്പന നടത്തി വന്നിരുന്ന പനച്ചമൂട്ടിലെ ടി.എം. ട്രേഡേഴ്സില്നിന്നു 250 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവിടെനിന്നു 35,000 രൂപയിലധികം പിഴ ചുമത്തി. പഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാര്‍, സൂപ്രണ്ട് പി. രഘു, വെള്ളറട ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി. ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലേഖ എന്നിവര്‍ നേതൃത്വം വഹിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ലൈസന്‍സ് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും ജലാശയങ്ങളിലേക്കും, ഓടകളിലേക്കും മലിനജലം ഒഴുക്കിവിടുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.