നെടുമങ്ങാട് നഗരസഭ കൗൺസിലർ രാജിവച്ചു
1576214
Wednesday, July 16, 2025 7:06 AM IST
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡ് കൗൺസിലർ പി. രാജീവ് രാജിവച്ചു. ഇന്നലെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്തു കൈമാറി. സിപിഎമ്മുകാരനായ രാജീവ് പാർട്ടി നേതൃത്വവുമായി കഴിഞ്ഞ കുറേ നാളുകളായി അഭിപ്രായ ഭിന്നതയിലായിരിന്നു.
""കൊപ്പം വാർഡിലെ കുന്നം ജനതയ്ക്കു കൗൺസിലർ എന്ന നിലയിൽ നൽകിയ കുന്നം വലിയ പാലം 2026 മുനിസിപ്പൽ തെരഞ്ഞടുപ്പിന് മുൻപ് തുറന്ന് കൊടുക്കാൻ ശ്രമിക്കും എന്നതു നടപ്പിലാക്കാൻ കഴിഞ്ഞില്ല. നിലവിൽ ചെറിയ താൽകാലിക നടപ്പാലം നിർമിച്ചു.
വലിയ പാലത്തിനു നിലവിൽ 1.50 കോടി അനുവദിച്ചു കൊണ്ടുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. എങ്കിലും പാലത്തിന്റെ നിർമാണത്തിനും അനുബന്ധ റോഡിനുള്ള സ്ഥലവും ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ഇപ്പോഴും അവ്യക്തമാണ്. കുന്നം വലിയ പാലം ഇനിയും സ്വപ്നങ്ങളിൽ ആണ്. ഉപതെരഞ്ഞടുപ്പ് എന്ന ദുരന്തം വിളിച്ച് വരുത്താതിരിക്കുവാൻ വേണ്ടിയാണ് എന്റെ രാജി കുറച്ചു ദിവസം നീണ്ടത്.
വാക്കു പാലിക്കാൻ കഴിയാത്തവനും, ഒരു നാടിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ കഴിയാത്തവനും ജനപ്രതിനിധിയായി തുടരാൻ പാടില്ല. കൂടാതെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നാണക്കേട് വരും.. അത് ഒഴിവാക്കുന്നു. ഒരുപക്ഷേ എന്റെ വിടവാങ്ങൽ ഈ നാടിന് അർഹതപ്പെട്ട പാലത്തിന് നിർമാണാനുമതി ലഭിക്കാൻ കാരണമായാൽ സന്തോഷം. നിങ്ങളുടെ അനുവാദത്തോട് കൂടി ഞാൻ ഒഴിയുന്നു...'' എന്ന് സമൂഹ മാധ്യമങ്ങളിൽ രാജീവ് കുറിപ്പ് ഇട്ടിട്ടുണ്ട്. രാജീവിന്റെ രാജി സംബന്ധിച്ചു സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.