മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ തുടരുന്നു
1576212
Wednesday, July 16, 2025 7:06 AM IST
വിഴിഞ്ഞം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. ശക്തമായ കടൽക്ഷോഭവും കടലൊഴുക്കും കാറ്റും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തെരച്ചിലിനിറങ്ങിയ സ്കൂബ സംഘവും കടലിന്റെ അടിത്തട്ടിൽ എത്താൻ കഴിയാതെ മടങ്ങി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഴിഞ്ഞത്തുനിനന്നു ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഒറ്റക്ക് വള്ളത്തിൽ പോയ പൂവാർ പള്ളം പുരയിടത്തിൽനിന്ന് വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം കുഴിവിളയിൽ താമസമാക്കിയ ക്രിസ്തുദാസിന്റെ മകൻ ബൻസിഗറി (39) നായുള്ള തെരച്ചിലാണ് അനന്തമായി നീളുന്നത്. വിഴിഞ്ഞത്തിനും രണ്ടര കിലോമീറ്റർ ഉൾക്കടലിൽ 35 മീറ്റർ ആഴമുള്ള ഭാഗത്തു നിന്നാണ് ഇയാളെ കാണാതായത്. കടലിന്റെ തെക്കോട്ടുള്ള ശക്തമായ ഒഴുക്കിൽപ്പെട്ടു പോയിരിക്കാമെന്നും അധികൃതർ കരുതുന്നു.
കുളച്ചൽ, കന്യാകുമാരി എന്നിവിടങ്ങളിലെ തീരദേശ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായം തേടിയതായി വിഴിഞ്ഞം തീരദേശ പോലീസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ഒരു സംഘം മുങ്ങൽ വിദഗ്ദർ കഴിഞ്ഞ ദിവസം എത്തുമെന്നറിയിച്ചെങ്കിലും കടൽക്ഷോഭം കാരണം അവരും പിൻവാങ്ങി. ഇന്നു ബൻസിഗറിന്റെ ബന്ധുക്കൾക്കൂടി തിരച്ചിലിനിറങ്ങുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ നാവികസേനയുടെ സഹായവും അധികൃതർ തേടിയിട്ടുള്ളതായും അറിയുന്നു. ഇതോടൊപ്പം തീരദേശപോലീസും, മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച രാത്രിയിൽ തീരത്തിനും രണ്ടര കിലോമീറ്റർ ഉള്ളിൽ ആളില്ലാത്ത വള്ളം നങ്കുരമിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റു മത്സ്യത്തൊഴിലാളികളാണു തീരദേശ പോലീസിനെ വിവരമറിയിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ രക്ഷാബോട്ടിൽ നടത്തിയ പരിശോധനയിൽ വള്ളത്തിൽനിന്നു ഫോണും ആധാർ കാർഡും ചെരിപ്പും കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണു വള്ളം ബൻസിഗറിന്റെതാണെന്നു മനസിലായത്.