പുതിയ കാലം എംടി കൃതികളിൽ പുതുസാധ്യതകൾ കണ്ടെത്തുന്നു: ഡോ. കെ.എസ്. രവികുമാർ
1576216
Wednesday, July 16, 2025 7:06 AM IST
തിരുവനന്തപുരം: കാലം കഴിയുംതോറും എം.ടി. വാസുദേവൻ നായരുടെ രചനകൾക്കു പുതിയ കാഴ്ചകൾ സംഭവിക്കുന്നു എന്ന് സാഹിത്യ നിരൂപകൻ ഡോ. കെ.എസ്. രവികുമാർ. പുതിയ കാലത്ത് പുതിയ സാധ്യതകൾ എംടിയുടെ കഥകളിൽ നിന്നും നോവലുകളിൽ നിന്നും വായനാസമൂഹം കണ്ടെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം. ടി. വാസുദേവൻ നായരുടെ 92-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരത് ഭവൻ ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിൽ എംടിയുടെ സർഗലോകം എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഴുതിയതിനെക്കാളേറെ എംടി എഴുതാതെ ഉപേക്ഷിച്ച കഥകൾ ഏറെയുണ്ടെന്ന് കെ. എസ്. രവികുമാർ ചൂണ്ടിക്കാട്ടി. തന്നിലെ എഴുത്തുകാരനെയും വായനക്കാരനെയും തൃപ്തിപ്പെടുത്താത്ത ഒന്നും എംടി എഴുതിയിട്ടില്ല. പുറമേ നിന്ന് നോക്കുന്പോൾ വൈകാരികമായി ജീവിതത്തെ ആവിഷ്കരിക്കുന്ന രീതിയിലെ എഴുത്താണ് എം.ടിയുടേത്. എന്നാൽ ഈ വൈയക്തികതയ്ക്കപ്പുറം സൂക്ഷ്മമായ സാമൂഹ്യനിരീക്ഷണത്തിന്റെ അന്തർധാരകൾ എംടിയുടെ രചനകളിലുണ്ട്.
എഴുതിയ കാലം മുതൽ എംടിയുടെ രചനകൾക്കു വായനക്കാരിൽ നിന്നും ലഭിച്ച സ്വീകാര്യത ഇന്നും അതുപോലെ നിലനില് ക്കുന്നു. കെ. എസ്. രവികുമാർ പറഞ്ഞു. വായനക്കാരെ ഒപ്പം കൊണ്ട് പോകാനുള്ള ഒരു കാന്തിക സിദ്ധിയും ആഖ്യാനശേഷിയും എംടിയ്ക്കു സ്വന്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ആമുഖ പ്രസംഗം നടത്തി. എഴുത്തുകാരായ ബൈജു ചന്ദ്രൻ, ഗിരിജ സേതുനാഥ്, ഭാരത് ഭവൻ നിർവാഹക സമിതി അംഗങ്ങളായ ഡോ. സി. എസ്. റെജിയ, ജയ്സപ്പൻ മത്തായി എന്നിവർ പ്രസംഗിച്ചു. തുടർന്ന് എംടിയുടെ നിർമാല്യം എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം നടന്നു.
സ്വന്തം ലേഖിക