ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും മർദനം: രണ്ടുപേർ റിമാൻഡിൽ
1575869
Tuesday, July 15, 2025 2:56 AM IST
വെള്ളറട: ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ താമസിച്ചു എന്നാരോപിച്ച് ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദനം. പരിക്കേറ്റ ഹോട്ടല്‍ ഉടമ ആശുപത്രിയില്‍ ചികിത്സയില്‍. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വെള്ളറട കണ്ണൂര്‍കോണത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന ആല്‍ഫ്രഡ് ജോണിനും (62) ജീവനക്കാര്‍ക്കുമാണു മര്‍ദനമേറ്റത്.
കടയിലെത്തിയ ഏഴംഗസംഘം ഭക്ഷണത്തിന് ഓർഡൽ നൽകി. തുടർന്ന് ഭക്ഷണം തങ്ങൾക്ക് ആദ്യമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അസഭ്യവർഷം തുടങ്ങി. ഇതു ചോദ്യം ചെയ്തതോടെയാണ് ഹോട്ടല്‍ ഉടമയ്ക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികളുടെ മര്‍ദനത്തില്‍ ആല്‍ഫ്രഡ് ജോണിന്റെ തലയ്ക്കു സാരമായ പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ ആല്‍ഫ്രഡ് ജോണിന്റെ മകന് അഹു എല്‍ ജോണിനു നേരെയും സംഘം ആക്രമണം നടത്തി. ഇതു തടയാനെത്തിയ ജീവനക്കാരൻ സുരേഷ് കുമാറിനേയും സംഘം മർദിച്ചു.
ബഹളംകേട്ടു നാട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. കീഴാറൂര്‍ റോഡരികത്തു വീട്ടില്‍ ആദിത്യന് (24), മുട്ടച്ചല്‍ ആറടിക്കര വീട്ടില്‍ വിനീഷ് (25)എന്നിവരാണ് പിടിയിലായത്. ഏഴു പേര്‍ക്കെതിരേയാണ് വെള്ളറട പോലീസില്‍ പരാതി നല്‍കിയത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്സ്ക്ടര്മാരായ എസ്. ശശികുമാർ, എം. ശശികുമാര്‍, എഎസ്ഐ അശ്വതി, സിവില്‍ പോലീസുകാരായ പ്രദീപ്, രാജ്മോഹന്‍, ദീപു അടങ്ങുന്ന സംഘമാണ് അക്രമികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
ഒളിവില്‍ പോയവരെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പ്രതികള്‍ ഉടന്‍തന്നെ പിടിയിലാകുമെന്നും പോലീസ് വ്യക്തക്കി.