കാട്ടാക്കട റൂറൽ ജില്ല ട്രഷറിയിൽ വീണ്ടും കോൺക്രീറ്റ് പാളി ഇളകി വീണു
1575711
Monday, July 14, 2025 7:11 AM IST
കാട്ടാക്കട: കാട്ടാക്കട റൂറൽ ജില്ല ട്രഷറിയിൽ വീണ്ടും കോൺക്രീറ്റ് പാളി ഇളകി വീണു. അക്കൗണ്ട്സ് മുറിയിലെ മേൽക്കൂരയിൽനിന്ന് ഇന്നലെ വൈകുന്നേരമാണ് കോൺക്രീറ്റ് അടർന്നു വീണത്.
കഴിഞ്ഞ തിങ്കളാഴ്ച ട്രഷറി ഓഫീസറുടെ മുറിയിൽ കോൺക്രീറ്റ് ഇളകി വീണിരുന്നു. ഇതേ തുടർന്നു മന്ദിരത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കാൻ മരാമത്ത് വകുപ്പിനു നിർദേശം ലഭിച്ചു. മന്ദിരം ജീർണാവസ്ഥയിലെന്നു മൂന്നുദിവസം മുൻപ് മരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരിക്കെയാണു വീണ്ടും കോൺക്രീറ്റ് പാളി ഇളകി വീണത്.
ദിവസങ്ങൾക്കുമുൻപ് ട്രഷറിയുടെ ശോച്യാവസ്ഥയെ സംബന്ധിച്ച് ദീപിക വാർത്ത നൽകിയിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് മന്ദിരം. ജീർണാവസ്ഥയിലായ മന്ദിരം നവീകരിക്കാൻ മൂന്നര കോടി രൂപയുടെ എസ്റ്റിമേറ്റ് മരാമത്ത് വകുപ്പ് നൽകിയിരുന്നു. എന്നാൽ ഇത്രയും തുക നവീകരണത്തിനുവേണ്ടി ചെലവാക്കേണ്ടതില്ലെന്നാണു വകുപ്പ് തീരുമാനം.
തുടർന്നു നിലവിലെ മന്ദിരം പൊളിച്ച് പുതിയ മന്ദിരം നിർമിക്കണമെന്ന് 2019ൽ ശുപാർശ നൽകി. ഇത് ധനവകുപ്പ് പരിഗണനയിലാണ്. നൂറുകണക്കിനു പെൻഷൻകാരും അനവധി സർക്കാർ ജീവനക്കാരും എത്തുന്ന ട്രഷറിയിൽ പല സ്ഥലത്തും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ ഇളകി വീണിട്ടുണ്ട്.
പെൻഷൻകാരുടെ സംഘടനകളും ജീവനക്കാരും ട്രഷറിയുടെ ജീർണാവസ്ഥ പരിഹരിക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടിരുന്നു.