ജവഹര്‍നഗറിലെ വസ്തു തട്ടിയെടുക്കൽ : ചന്ദ്രസേനന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി
1575698
Monday, July 14, 2025 7:01 AM IST
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ടു ചന്ദ്രസേനന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പൈപ്പിന്മൂട്ടില് ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ ചന്ദ്രസേനന്റെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നത്. ഡോറ അസറിയ ക്രിപ്സിന്റെ വസ്തുവും വീടും തന്റെ പേരിലാക്കിയ കൊല്ലം സ്വദേശി മെറിന് ജേക്കബ് ഇതു ചന്ദ്രസേനനു വിലയാധാരം എഴുതി നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ കണ്ടെടുക്കുന്നതിനായിരുന്നു പോലീസ് പരിശോധന.
എന്നാല്‍ വീടും വസ്തുവും വാങ്ങിയതിന്റെ പ്രമാണം ചന്ദ്രസേനന്റെ വീട്ടിലുണ്ടായിരുന്നില്ല. പ്രമാണം മരുമകന്റെ കൈവശമാണുള്ളതെന്നും മരുമകന് നിര്‍ബന്ധിച്ചു ചന്ദ്രസേനനെക്കൊണ്ട് ഒപ്പിടീച്ചു വാങ്ങിയതാണെന്നും ചന്ദ്രസേനന്റെ ഭാര്യ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. തന്റെ പേരില്‍ വസ്തു വാങ്ങിയാല്‍ നികുതി സംബന്ധമായ വിഷയം ഉണ്ടാകുമെന്നും അതുകൊണ്ടാണു ചന്ദ്രസേനന്റെ പേരില്‍ വാങ്ങുന്നതെന്നും മരുമകന് പറഞ്ഞിരുന്നതായും ഇവര്‍ പോലീസിനെ അറിയിച്ചു.
ചന്ദ്രസേനന് കോടതിയില്‍ ജാമ്യത്തിനു ശ്രമിക്കുന്നതായാണ് വിവരം. അതിനിടെ ചന്ദ്രസേനന്റെ മരുമകന് താമസിക്കുന്ന ജവഹര്‍ നഗറില്‍ പോലീസ് അന്വേഷണം ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.
അമേരിക്കയില്‍ താമസിച്ചുവരുന്ന ഡോറയുടെ വസ്തുവും വീടും ഇവരറിയാതെ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടു നിലവില്‍ മെറിന് ജേക്കബും വസന്തയുമാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. പ്രമാണം ശരിയാക്കി നല്കിയ കിള്ളിപ്പാലത്തെ ആധാരമെഴുത്തുകാരന്‍ അനന്തപുരി മണികണ്ഠനും ഒളിവിലാണ്.