നാളികേര വില കുതിക്കുന്നു : ഉണക്ക തേങ്ങ 82, പച്ച തേങ്ങ 75; കുടുംബ ബജറ്റ് താളം തെറ്റുന്നു
1575360
Sunday, July 13, 2025 7:14 AM IST
വെള്ളറട : നാളികേര വില കുതിച്ചു കയറിയതോടെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷണനിര്‍മാണ യൂണിറ്റുകള്‍ പ്രതിസന്ധിയിലേക്ക്. മൂന്നുമാസം മുന്‍പ് വരെ കിലോയ്ക്ക് 200 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറ വില്പന 450 കഴിഞ്ഞു.
പച്ച തേങ്ങയുടെ വില കിലോയ്ക്ക് 75 ഉം ഉണക്ക തേങ്ങ കിലോയ് ക്ക് 85 രൂപയിലും എത്തി. വെളിച്ചെണ്ണ വില ഇരട്ടിയിലധികം കടന്നതോടെ സാരമായി ബാധിച്ചത് ഹോട്ടല്‍, തട്ടുകട, കാറ്ററിംഗ്, പലഹാര നിര്‍മാണ മേഖലയാണ്.
10 രൂപക്ക് പലഹാരങ്ങള്‍ നല്‍കിയിരുന്ന തട്ടുകടയ്ക്ക് വിലവര്‍ധന അനിവാര്യമായി കഴിഞ്ഞു. 35 രൂപയില്‍ നിന്നും കിലോയ്ക്ക് 85 രൂപ വരെ കടന്നത് ദിവസങ്ങള്‍ കൊണ്ട് മാത്രമാണ്. തട്ടുകടയില്‍ ദോശക്ക് മറ്റും ചമ്മന്തി ഇപ്പോള്‍ കിട്ടാനില്ല.
ഹോട്ടല്‍ വ്യാപാരം നഷ്ടത്തിലേക്കാണു നീങ്ങുന്നത്. വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില വര്‍ധന കാരണം ശരാശരി 3,000 ത്തോളം രൂപ ദിവസവും അധികം കണ്ടെത്തേണ്ട സ്ഥിതിയാണ്. ഗ്രാമീണ മേഖലയില്‍ വ്യാപാരമാന്ദ്യം തുടരുന്നതിനാല്‍ ഭക്ഷണവില കൂട്ടുന്നത് വില്‍പ്പനയെ ബാധിക്കും എന്നതിനാലാണു നഷ്ടം സഹിച്ച് ഭൂരിഭാഗം ചെറുകിടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
പതിറ്റാണ്ടുകളായി തുടരുന്ന വിലയിടിവുമൂലം തെങ്ങു കൃഷിയോട് താല്പര്യം കുറഞ്ഞതും കെട്ടിട നിര്‍മാണങ്ങള്‍ക്കുവേണ്ടി വന്‍തോതില്‍ തെങ്ങുകള്‍ മുറിച്ചു മാറ്റിയതു നാളികേര ഉല്പാദനത്തില് സംസ്ഥാനത്തില്‍ വന്‍ ഇടിവു സൃഷ്ടിക്കുന്നുണ്ട്.
കേരളത്തിലേക്ക് എത്തുന്ന തേങ്ങയുടെ വിപണി നിയന്ത്രിക്കുന്ന തമിഴ്നാട്ടിലെ തോട്ടം നടത്തിപ്പുകാരാണ്. കരിക്ക് വില്‍പ്പനയിലേക്കു ചുവടു മാറിയതും അവിചാരിതമായി വില വര്‍ധനക്കു കാരണമായി. തേങ്ങ വിലയ്ക്കൊപ്പം കരിക്കിനും വില ഉയര്‍ന്നു. 25 രൂപ മുതല്‍ 36രൂപക്ക് വരെ തമിഴ്നാട്ടില്‍ നിന്നുമാണു കരിക്ക് എത്തുന്നത്. മാസങ്ങള്‍ക്കുമുമ്പ് സ്ഥലത്തെത്തിച്ചിരുന്ന കരിക്കിന് 34 മുതല്‍ 39വരെ വില എത്തിക്കഴിഞ്ഞു.
ഓണവിപണി അടുത്തതോടെ തേങ്ങ വെളിച്ചെണ്ണ വിലയ്ക്ക് 500 രൂപ കഴിയാന്‍ സാധ്യതയുണ്ടെന്നു വ്യാപാരികള്‍ വിലയിരുത്തുന്നു. തേങ്ങയുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെട്ട അവസ്ഥയാണ്.
സാധാരണക്കാരുടെയും, ഉദ്യോഗസ്ഥരുടെയും നടുവൊടിക്കുന്ന രീതിയിലാണ് തേങ്ങയുടെ വില കുതിച്ചു കയറുന്നത്. അടിയന്തരമായി സര്‍ക്കാര്‍ സംവിധാനം ഇടപെട്ട് തേങ്ങയുടെ വില നിയന്ത്രിച്ചില്ലെങ്കില്‍ അടുത്ത് വരുന്ന ഓണം വിപണി കര്‍ഷകരെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.