പുനരധിവാസമില്ല; തീരദേശ മേഖലയിൽ കൂട്ടായ്മ ഒരുങ്ങുന്നു
1575130
Saturday, July 12, 2025 6:38 AM IST
തിരുവനന്തപുരം: കടലാക്രമണത്തെ തുടർന്നു വീടുകൾ തകരുകയും ഉപജീവനമാർഗം നഷ്ടമാകുകയും ചെയ്യുന്ന തീരദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനമെടുക്കാത്ത സർക്കാർ സമീപനത്തിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ തീരദേശ മേഖലയിൽ കൂട്ടായ്മ രൂപീകരിച്ചു തുടങ്ങി.
വൻകിട കുത്തകകൾക്കായി തീരമൊന്നാകെ വിട്ടു കൊടുക്കുന്പോഴുണ്ടാകുന്ന തീരശോഷണത്തെക്കുറിച്ചും മത്സ്യത്തൊഴിലാളി മേഖലയ്ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും ശാസ്ത്രീയ പഠനം നടത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ല.
കാലവർഷക്കെടുതി, സുനാമി, ഓഖി, കപ്പൽ ദുരന്തം, കടലാക്രമണം തുടങ്ങിയവ മൂലം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ എക്കാലത്തേയും സ്വപ്നമായി സൂക്ഷിച്ച കടലും തീരവും മത്സ്യബന്ധന യാനങ്ങൾ ഉൾപ്പെടെയുള്ള ഉപജീവനം തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് കാലാകാലങ്ങളിൽ വരുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദങ്ങളും അവകാശപ്പെട്ട നീതി നിഷേധിക്കപ്പെടുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
തീരദേശവാസികളെ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കാനുള്ള മുതലാളിത്ത അജൻഡ നടപ്പാക്കുന്നതിനെതിരേ കൂടിയാണ് തീരദേശ മേഖലയിൽ കൂട്ടായ്മ രൂപീകരിച്ചു തുടങ്ങിയത്. ആദ്യ കൂട്ടായ്മ തുന്പ മുതൽ പൂന്തുറ വരെയുള്ള കൂട്ടായ്മ കൊച്ചുവേളിയിൽ ചേർന്നു. അടുത്തത് വർക്കല മുതൽ കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് വരെയുള്ള കൂട്ടായ്മയ്ക്ക് രൂപം നൽകും.
നീതി നടപ്പാക്കുന്നത് വരെ പോരാട്ടങ്ങൾക്കു നേതൃത്വം നൽകുമെന്നു മാഗ്ലിൻ വലിയ വേളി,റവ. ഡോ. ഫ്രാൻസിസ് ആൽബർട്ട് ഒഎഫ്എസ്, പി. സ്റ്റെലസ്, ഡോ. എഫ്.എം. ലാസർ, ബിബിൻ ദാസ്, വിഴിഞ്ഞം അരുൾ ദാസ്, ഇസാക്ക്ജോണി, ആന്റണി പത്രോസ് മെഡോണ, ദീപ്തി ഷാജി വെട്ടുകാട്, ബീമാപള്ളി റഷീദ്, ടി.ബഷീർ, പാക്ട്രിക് മൈക്കിൾ, സേവിയർ ലോപ്പസ്, ജോണി ചെക്കിട്ട, ലിബിൻദാസ്, റംല ബീവി നിത എന്നിവർ അറിയിച്ചു.