കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
1575144
Saturday, July 12, 2025 6:49 AM IST
വിഴിഞ്ഞം: വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെയും അവരുടെ വള്ളവും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷിച്ച് കരയിലെത്തിച്ചു. ഇന്നലെ വൈകുന്നേരം നാലിന് വിഴിഞ്ഞം ഹാർബറിൽ നിന്നും മത്സ്യബന്ധത്തിനായി പോയ വള്ളക്കടവ് സ്വദേശി ലൂർദ് റൂബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റൂബി എന്ന വള്ളം വിഴിഞ്ഞം മൗത്തിനു സമീപത്തുവച്ച് എൻജിൻ തകരാറിലാവുകയായിരുന്നു .
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സിപിഒമാരായ അനന്തു, രഞ്ജിത്ത് ലൈഫ്ഗാർഡുമാരായ ബനാൻഷ്യസ്, പി.പനിയടിമ , റോബർട്ട്, മാർട്ടിൻ, വിനു എന്നിവരുടെ നേതൃത്വത്തിൽ മറൈൻ റെസ്ക്യൂ വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തി.
വളത്തിലുണ്ടായിരുന്ന ഡോണി, ജോസഫ്, ജോമോൻ, ജോൺസൻ, സിൽവർസ്റ്റർ എന്നീ ത്സ്യത്തൊഴിലാളികളെയും വള്ളത്തെയും സുരക്ഷിതമായി കരയിലെത്തിച്ചു.