അമ്പൂരി ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രം പ്രകൃതിരമണീയം
1574877
Friday, July 11, 2025 6:52 AM IST
വെള്ളറട: പ്രകൃതിരമണീയമായ പച്ചപ്പുനിറഞ്ഞ കുന്നുകളും ജലാശയങ്ങളും വെള്ളച്ചാട്ടവും കടത്തുവള്ള സഞ്ചാരവും ഉള്‍പ്പെടുന്ന അമ്പൂരി പഞ്ചായത്തിലെ ടൂറിസം പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നു.
ഇവിടത്തെ വിവിധ ടൂറിസം പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏഴുകോടി രൂപ അനുവദിച്ചു. ആറു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഇവിടത്തെ പ്രധാന ടൂറിസം സ്പോട്ടുകളെ ബന്ധിപ്പിച്ചുള്ള പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. നിലവില്‍ നെയ്യാറിന്റെ തീരത്ത് ചെറുതും വലുതുമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഇവിടെ അവധി ദിവസങ്ങളില്‍ സഞ്ചാരികളും എത്തുന്നുണ്ട്. അമ്പൂരി പഞ്ചായത്തിലെ ദ്രവ്യപ്പാറ, കുമ്പിച്ചല്‍ക്കടവ്, കൂനിച്ചിമല, ഏണിപ്പാറ, ആനക്കുള വെള്ളച്ചാട്ടം, കരമാങ്കുളം, വെള്ളറട പഞ്ചായത്തിലെ പ്ലാങ്കുടിക്കാവ്, കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാര്‍ഡാം എന്നിവ ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര പദ്ധതിയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.
കരിമാങ്കുളം തീരവും ഇരപ്പന്കുഴിയും
നെയ്യാറിന്റെ ആഴമില്ലാത്ത തീരങ്ങളില്‍ ഒന്നാണ് കരിമാങ്കുളം തീരം. അമ്പൂരി പഞ്ചായത്തിലെ മായം വാര്‍ഡിലാണ് ഈ കടവ്. നാലുവശത്തെയും മനോഹരങ്ങളായ കാഴ്ചകള്‍ കാണാനും ഫോട്ടോ ഷൂട്ടിനും അനുയോജ്യമായ തീരമാണിത്.
നെയ്യാറിന്റെ വനത്തില്‍നിന്നുള്ള ഉത്ഭവ കൈവഴി ആറുകളില്‍ ഒന്നാണ് ഇരപ്പാന്കുഴി. നിരവധി കൈത്തോടുകള്‍ ഒന്നിച്ച് ഇവിടെയെത്തുന്നു. ശാന്തസുന്ദരവും വിജനവുമായ സ്ഥലമാണിത്. തെളിഞ്ഞ വെള്ളംനിറഞ്ഞ ഈ ജലാശയത്തിലെ കുളിയും തീരത്തെ വിശ്രമവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.
അമ്പൂരി തൊടുമല വാര്‍ഡിലുള്ള ആനക്കുളം വെള്ളച്ചാട്ടത്തില്‍ മഴയെത്തിയാല്‍ നീരൊഴുക്കും കൂടും. പാറയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന ശുദ്ധമായ തണുത്ത വെള്ളത്തിലുള്ള കുളി സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. അവധിദിനങ്ങള്‍ ഉള്‍പ്പെടെ മിക്കവാറും ദിവസങ്ങളിലും യുവാക്കള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ എത്തുന്നുണ്ട്.
ഡിപിആര്‍ പരിശോധിച്ച് പദ്ധതി നടപ്പിലാക്കും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കും. അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അനുയോജ്യമായ പ്രദേശങ്ങളെ ഫണ്ടിന് അനുസൃതമായി ഉന്നതനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുമെന്നു ജില്ലാ കളക്ടര്‍ അനുകുമാരി അവലോകന യോഗത്തില്‍ പറഞ്ഞു.
അമ്പൂരിയില്‍ നടന്നയോഗം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി, വനം, ടൂറിസം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുമ്പിച്ചല്‍ക്കടവ്
മലയോരമേഖലയിലെ ഏറ്റവും വലിയ പാലമാണ് കുമ്പിച്ചല്‍ക്കടവില്‍ നിര്‍മിച്ചുവരുന്നത്. നെയ്യാര്‍ സംഭരണിയുടെ കുറുകേ ആദിവാസിമേഖലകള്‍ ഉള്‍പ്പെട്ട തൊടുമല വാര്‍ഡിനെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പണികള്‍ ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. പാലത്തിന്റെ വശങ്ങളില് നിന്നാല്‍ നെയ്യാറിന്റെ ഇരുവശത്തെയും മനോഹരങ്ങളായ കാഴ്ചകളും ചുറ്റുമുള്ള മലകളും കാണാവുന്നതാണ്. ഈ പാലത്തിലൂടെ സഞ്ചരിച്ച് അക്കരെയുള്ള വനഭംഗിയും ദര്‍ശിക്കാം.