കാട്ടാക്കടയിൽ കണ്ടക്ടർക്ക് മർദനം; പ്ലാവൂരിൽ സ്കൂളിൽ സംഘർഷം
1574593
Thursday, July 10, 2025 6:34 AM IST
കാട്ടാക്കട: പണിമുടക്കിൽ കാട്ടാക്കടയിൽ രണ്ടിടത്ത് നേരിയ പ്രശ്നങ്ങൾ ഉണ്ടായി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽനിന്നും കാട്ടാക്കട വഴി പൊന്മുടിയിലേക്കു പോവുകയായിരുന്ന ബസ് തടഞ്ഞത്. രാവിലെ 7.30 ആയിരുന്നു സംഭവം. ഇവിടെ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും സമരക്കാരുമായി വാക്കു തർക്കം ഉണ്ടായി.
തുടർന്ന് സമരക്കാരിൽ കണ്ടാൽ അറിയാവുന്നവർ കണ്ടക്ടറെ മർദിച്ചുവെന്നു കാട്ടാക്കട പോലീസിൽ പരാതി നൽകി. അതേ സമയം സമരക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നു സമരക്കാരും കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.
കാട്ടാക്കട ആമച്ചൽ പ്ലാവൂർ സ്കൂളിൽ 27 ഓളം അധ്യാപകർ ഇന്നലെ ഡ്യൂട്ടിക്ക് എത്തിയതും പ്രശ്നമായി. പ്രദേശത്തെ സമരാനുകൂലികൾ സ്കൂളിനുള്ളിലേക്ക് കയറി അധ്യാപകരുമായി തർക്കത്തിൽ ഏർപ്പെട്ടു. രാവിലെ എത്തിയ അധ്യാപകർ വൈകുന്നേരം അഞ്ചുമണിക്കുശേഷം പോയാൽ മതിയെന്നും സമരക്കാർ ശഠിച്ചു.
പ്ലാവൂരിൽ സ്കൂളിൽ സമരാനുകൂലികൾ നടത്തിയ പ്രതിഷേധത്തിൽ സ്കൂളിലെ സ്റ്റോറും വാതിലും തകർത്തപ്പോൾ ഇതുതെറിച്ച് അധ്യാപകരുടെ ശരീരത്തിൽ പതിച്ച് പരിക്കേറ്റെന്നാരോപിച്ച് കാട്ടാക്കട പോലീസിൽ അധ്യാപകർ പരാതി നൽകി. സ്കൂളിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിക്കുകയും അധ്യാപകരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് അധ്യാപകർക്കനുകൂലമായി കോൺഗ്രസും ബിജെപിയും പ്രകടനം നടത്തി.
കാട്ടാക്കട കെഎസ് ആർടിസി സ്റ്റാൻഡിൽ മുന്നിൽ സമരാനുവരികൾ നെയ്യാറ്റിൻകരയിൽനിന്നും പൊന്മുടിയിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞ ഡ്രൈവറെ മർദിച്ച സംഭവത്തിൽ കേസെടുത്തു.