നെയ്യാറ്റിന്‍കരയില്‍ പണിമുടക്ക് സമാധാനപരം
1574594
Thursday, July 10, 2025 6:34 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ദേശീയ പണിമുടക്ക് സമാധാനപരം. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും മുപ്പതിലേറെ ബസുകള്‍ സര്‍വീസ് നടത്തി.
ചില ബസുകള്‍ തന്പാനൂര് ബസ് ഡിപ്പോയില്‍ തടഞ്ഞു. പണിമുടക്കനുകൂലികള്‍ രാവിലെ നെയ്യാറ്റിന്‍കരയില്‍ സര്‍വീസുകള്‍ തടയാനെത്തിയെങ്കിലും പോലീസിന്റെ നിര്‍ദേശം അനുസരിച്ച് തിരികെ പോയി. നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ ആകെയുള്ള 203 ജീവനക്കാരില്‍ 18 പേര് ജോലിക്ക് ഹാജരായി. ഓഫീസ് പ്രവര്‍ത്തനം തടയാനുള്ള ശ്രമമൊന്നും പണിമുടക്ക് അനുകൂലികളില്‍നിന്നും ഉണ്ടായില്ലെന്നു തഹസില്‍ദാര്‍ അറിയിച്ചു. കടകന്പോളങ്ങള്‍ പലയിടത്തും അടഞ്ഞുകിടന്നു.
നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷന് മുതല്‍ ആശുപത്രി ജംഗ്ഷന് വരെയുള്ള വഴിയോര തട്ടുകളും തുറന്നില്ല. ബാലരാമപുരം -നെയ്യാറ്റിന്‍കര പാതയില്‍ അങ്ങിങ്ങ് ചില തട്ടുകടകള്‍ പ്രവര്‍ത്തിച്ചു. കരിക്ക് കച്ചവടവും കാര്യമായി നടന്നു.
അതേ സമയം, വഴിമുക്കിനു സമീപം ചിലയിടത്ത് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ പുരോഗമിച്ചു. വാഹന ഗതാഗതം പൊതുവേ കുറവായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി.