കുടിവെള്ള വിതരണത്തില്‍ തടസം; വലഞ്ഞ് ഉപഭോക്താക്കള്‍
1574607
Thursday, July 10, 2025 6:44 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ കുടിവെള്ള വിതരണം മുടങ്ങി. പൈപ്പ് പൊട്ടല്‍ മുതല്‍ പ്ലാന്റ് ശുദ്ധീകരണം വരെയുള്ള കാരണങ്ങള്‍ നിരത്തി ഉപഭോക്താക്കളെ അധികൃതര്‍ വലയ്ക്കുന്നുവെന്ന് ഉപഭോക്താക്കള്‍.
വാട്ടര്‍ അഥോറിറ്റിയുടെ അനാസ്ഥയെന്നാണു പരക്കെ ആരോപണം. നെയ്യാറ്റിൻകര കോടതി റോഡിലെ പൈപ്പ് പൊട്ടൽ കാരണം കഴിഞ്ഞ ദിവസങ്ങളിലൊന്നും നഗരപ്രദേശത്ത് കുടിവെള്ളം ലഭിച്ചില്ല.
വെള്ളം കിട്ടാത്തതിനാല്‍ ആ പ്രദേശത്തെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും പോലും പ്രവര്‍ത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി നഗരസഭ കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് പറഞ്ഞു. ഇന്നും നാളെയും കാളിപ്പാറ പ്ലാന്റ് ശുദ്ധീകരിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
സ്വാഭാവികമായി കുടിവെള്ള വിതരണത്തില്‍ തടസം നേരിടും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുടിവെള്ള വിതരണത്തിലെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പ്ലാന്റ് ശുദ്ധീകരണം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവയ്ക്കണമെന്ന് മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു.