"ഒരു പാഥേയം കൂടി': ഉച്ചഭക്ഷണ വിതരണം നടത്തി
1574869
Friday, July 11, 2025 6:42 AM IST
നെടുമങ്ങാട്: കേരള സ്റ്റേറ്റ് എക് സൈസ് സ്റ്റാഫ് അസോസിയേഷന്റെ 45 -ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം "ഒരു പാഥേയം കൂടി 'എന്ന പേരിൽ ഉച്ചഭക്ഷണ വിതരണം നടത്തി. തിരുവനന്തപുരം ജില്ലയിലെ താലൂക്ക് ആശുപത്രികളിലും വിവിധ അനാഥാലയങ്ങളിലുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ജീവനക്കാരിൽ നിന്നും സമാഹരിച്ച പൊതിച്ചോറും സംഘടനാംഗങ്ങൾ പാചകം ചെയ്തു തയാറാക്കിയ ഭക്ഷണവുമാണു വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തത്.
അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി.എൽ. ഷിബു ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.ഡി. പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എ. നാസറുദീൻ, ജില്ലാ കമ്മിറ്റി അംഗം നജുമുദ്ദീൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. അനിൽകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
നെടുമങ്ങാട്, ആര്യനാട്, വാമനപുരം എന്നീ എക്സൈസ് ഓഫീസുകളിലെ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും സഹകരണത്തോടെയാ ണ് ജില്ലാ ആശുപത്രിയിലും നഗരിക്കുന്ന് തൃപ്പാദം വയോജനകേന്ദ്രത്തിലും ഉച്ചഭക്ഷണം ലഭ്യമാക്കിയത്. ലഹരി വിപത്തിനെതിരെയുള്ള സന്ദേശം കൂടി പൊതുജനങ്ങളിലെത്തിക്കുവാനും ലക്ഷ്യമിടുന്നു.