ആറുപേര്‍ക്ക് പുതുജീവിതം നല്കി അരുണ്‍ യാത്രയായി
1574606
Thursday, July 10, 2025 6:44 AM IST
മെഡിക്കല്‍കോളജ്: മസ്തിഷ്കരണം സംഭവിച്ച യുവാവ് ആറുപേര്‍ക്കു പുതുജീവന്‍ നല്കി ഒടുവില്‍ യാത്രയായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് കോട്ടയം തിരുവഞ്ചൂര്‍ മണര്‍കാട് പുത്തേട്ടില്‍ രോഹിണിയില്‍ പി.ആര്. ജനാര്ദനന് നായര്‍-എം. രാധാമണിയമ്മ ദമ്പതികളുടെ മകന് ജെ. അരുണ്‍ (44) മരണപ്പെട്ടത്.
അരുണിന്റെ രണ്ടു വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, രണ്ടു നേത്ര പടലങ്ങള്‍ എന്നിവയാണു കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് ദാനം ചെയ്തത്. അവയവദാനത്തിന് അരുണിന്റെ കുടുംബം തയാറാകുകയായിരുന്നു. യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ മാനേജരായിരുന്നു അരുണ്‍.
ജൂണ്‍ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ എട്ടിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അരുണിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അരുണിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു കോട്ടയം മണര്‍കാട്ടെ വീട്ടുവളപ്പില്‍ നടത്തും. എസ്. ദേവിപ്രസാദ് ആണ് ഭാര്യ. ആദിത്യ നായര്‍, നിതാര നായര്‍ എന്നിവര്‍ മക്കളാണ്.