പണിമുടക്കിൽ സ്്തംഭിച്ചു തലസ്ഥാനം
1574592
Thursday, July 10, 2025 6:34 AM IST
തിരുവനന്തപുരം: പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ തലസ്ഥാന ജില്ല സ്്തംഭിച്ചു. കടകൾ അടച്ചും സ്വകാര്യവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കാതെയും ജനങ്ങളും സഹകരിച്ചതോടെ ജില്ലയിൽ പണിമുടക്ക് പൂർണമായിരുന്നു. ജില്ലയിലെ ചില ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
ആളുകളെയും കയറ്റി സഞ്ചരിച്ച ഓട്ടോറിക്ഷകളെ സമരാനുകൂലികൾ തടഞ്ഞു. വെള്ളയന്പലത്തും സ്റ്റാ ച്യുവിലും മണക്കാടും ആട്ടോറിക്ഷക്കാരും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യഥാസമയം പോലീസ് എത്തിയതിനാൽ സംഘർഷം വലുതായില്ല. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചാല, പാളയം മാർക്കറ്റുകൾ പൂർണമായും അടഞ്ഞുകിടന്നു.
ഹോട്ടലുകളും തുറന്നില്ല. കെ എസ്ആർടിസി സർവീസ് നടത്താത്തതു മറ്റു സ്ഥലങ്ങളിൽ നിന്നും ജില്ലയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർക്കു വലിയ ബുദ്ധിമുട്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിലും ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയ്ക്കെത്തിയവർ പണിമുടക്കിൽ ആകെ ബുദ്ധിമുട്ടി.
ഹോട്ടലുകൾ പണിമുടക്കിൽ സജീവമായതു ആഹാരം കിട്ടാതെ രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ നൽകിവരുന്ന പൊതിച്ചോറായിരുന്നു ഇവർക്കൊക്കെ ആശ്രയമായത്. ഇതിനിടെ കുപ്പിവെള്ളം 40 ഉം 50 ഉം രൂപയ്ക്കു വിറ്റചിലരെ പോലീസ് ആശുപത്രി വളപ്പിൽ നിന്നും പുറത്താക്കി.
സമരാനുകൂലികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാർച്ചു നടത്തി. ഇടതുപക്ഷ തൊഴിലാളി സംഘടനകൾ രാജ്ഭവനിലേയ്ക്കു മാർച്ച് നടത്തി. രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. തുടർന്നു രാജ്ഭവനു മുന്നിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്തു. ഐഎൻടിയുസി നേതൃത്വത്തിലുള്ള യുഡിറ്റിഎഫ് ജിപിഒയ്ക്കു മിന്നിൽ മാർച്ച് നടത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.