അരുവിക്കര ഹയർ സെക്കൻഡറി സ്കൂളിലും ഗവ. എൽപിഎസിലും അധ്യാപകരെ പൂട്ടിയിട്ടു
1574595
Thursday, July 10, 2025 6:34 AM IST
നെടുമങ്ങാട്: പൊതുപണി മുടക്കു ദിവസം അരുവിക്കര ഗവ. എൽപിഎസിലും ഹയർ സെക്കൻഡറി സ്കൂളിലും ജോലിക്കെത്തിയ അധ്യാപകരെ പണിമുടക്ക് അനുകൂലികൾ പൂട്ടിയിട്ടു. എൽപിഎസിൽ ജോലിക്കെത്തിയ അഞ്ചു പേരെയാണ് പൂട്ടിയിട്ടത്.
രാവിലെ ജോലിക്കെത്തിയവരെ അകത്താക്കി സമരക്കാർ ഗേറ്റ് പൂട്ടുകയായിരുന്നു. സ്കൂൾ പിടിഐ പ്രസിഡന്റും സംഘവുമാണ് അധ്യാപകരെ പൂട്ടിയിട്ടത്. തുടർന്ന് സ്കൂൾ സമയമായിട്ടും തുറക്കാൻ തയാറായില്ല. സമരം തീരുന്നതു വരെ തുറക്കില്ലന്നു പറയുകയായിരുന്നു. 3:45 ഓടെ അരുവിക്കര സിഐ മുരളീകൃഷ്ണവും സംഘവും സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ടു തകർത്ത് അധ്യാപകരെ പുറത്തെത്തിക്കുകയായിരിന്നു.
ഹയർ സെക്കൻഡറി സ്കൂളിലെ 15ഓളം അധ്യാപകരെയാണ് പൂട്ടിയിട്ടത്. രാവിലെ എത്തി ഒപ്പിട്ടശേഷം മുങ്ങാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സമരക്കാർ പൂട്ടിയിട്ടത്. 4:15 ഓടെ ഇവർ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നു മുതിർന്ന പാർട്ടി നേതാക്കളും പോലീസും സ്ഥലത്തെത്തി സമരക്കാരെ പിരിച്ചുവിട്ടു.