അനധികൃത മത്സ്യബന്ധനം: വള്ളങ്ങൾക്കെതിരേ നടപടി
1574601
Thursday, July 10, 2025 6:34 AM IST
വിഴിഞ്ഞം: നിരോധിത ലൈറ്റ് ഉപ യോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്കെതിരെ അധികൃതരുടെ നടപടി. എട്ട് വള്ളങ്ങളും ലൈറ്റുകളും പിടികൂടി. അടിമലത്തുറ, കരിംകുളം, പുല്ലുവിള, പൂന്തുറ, മര്യനാട് എന്നിവിടങ്ങളിൽ നിന്നുള്ള വള്ളങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ സുഗതൻ, ഗ്രേഡ് എസ്ഐ ഹരിലാൽ, സിവിൽ പോലീസ് ഓഫീസമാരായ അജീഷ് കുമാർ, രഞ്ജിത്ത്,
എസ്. രാകേഷ്, എസ്എ രാകേഷ്, ലൈഫ് ഗാർഡുമാരായ എം. പനിയടിമ, പി. ഇമാമുദ്ധീൻ, കൃഷ്ണൻ, മാർട്ടിൻ, റോബർട്ട്, ബിനു എന്നിവരടങ്ങിയ സംഘംവിഴിഞ്ഞം ഹാർബറിൽ നടത്തിയ പരിശോധനയിൽ ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യ ബന്ധനം നടത്തുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ച വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്തത്.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന. പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.