വില്ലേജ് ഓഫീസ് വളപ്പിൽ തെരുവുനായ ശല്യവും മദ്യപരുടെ വിളയാട്ടവും
1574604
Thursday, July 10, 2025 6:44 AM IST
ഊരൂട്ടമ്പലം: നാലുവർഷം മുൻപ് പൊളിച്ചുമാറ്റിയ ഊരൂട്ടമ്പലത്തെ മാറനല്ലൂർ വില്ലേജ് ഓഫീസിന്റെ മതിൽ പഞ്ചായത്ത് പുനർനിർമിക്കുന്നില്ലെന്ന് ആക്ഷേപം. പുതിയ കെട്ടിടത്തിൽ സ്മാർട് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ച് മൂന്നുമാസം കഴിഞ്ഞപ്പോഴാണ് സ്ത്രീസൗഹൃദ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനുവേണ്ടി വില്ലേജ് ഓഫീസിന്റെ മുൻവശത്തെ മതിൽ പൊളിച്ചുമാറ്റിയത്. മതിൽ പൊളിക്കുന്നതിനെ ജീവനക്കാർ എതിർത്തപ്പോൾ കാത്തിരിപ്പുകേന്ദ്രം മറ്റൊരിടത്തേക്കു മാറ്റാൻ തീരുമാനമായി.
എന്നാൽ പൊളിച്ചുമാറ്റിയ മതിൽ പുനർനിർമിക്കാനോ, ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനോ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. മതിൽ ഇല്ലാത്തതുകാരണം വില്ലേജ് ഓഫീസ് വളപ്പിൽ സദാസമയം തെരുവുനായകളുടെ ശല്യമാണ്. പലപ്പോഴും വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർ തെരുവുനായകളെ ഭയന്നാണ് അകത്തേക്കു കടക്കുന്നത്. രാത്രികാലങ്ങളിൽ വില്ലേജ് ഓഫീസ് പരിസരത്ത് മദ്യപാനസദസും നടക്കുന്നുണ്ട്. രാത്രികളിൽ ഇവർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവുനായകളെ ആകർഷിക്കുന്നത്.
പ്രദേശത്തെ ചില സംഘടനകളും, നാട്ടുകാരും പലപ്പോഴും പരാതിപ്പെടുന്നെങ്കിലും പോലീസെത്തി വല്ലപ്പോഴും പരിശോധന നടത്തുന്നതല്ലാത മറ്റു നടപടികളൊന്നും ഉണ്ടാകുന്നില്ല. ജീവനക്കാർക്കും വില്ലേജ് ഓഫീസിലെത്തുന്നവർക്കും വേണ്ടി ഉപയോഗിക്കുന്നതിനു ശൗചാലയം വില്ലേജ് ഓഫീസ് വളപ്പിൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അതു പൊതുശൗചാലയമായി മാറിയനിലയിലാണ്.