മെറ്റലില്‍ സ്കൂട്ടർ തെന്നിവീണ് അപകടം : യാത്രക്കാരിക്ക് 22,500 രൂപ നഷ്ടപരിഹാരം നല്കാൻ മനുഷ്യാവകാശ കമ്മീഷന്
1574865
Friday, July 11, 2025 6:42 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് റോഡില്‍ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലില്‍ സ്കൂട്ടര്‍ തെന്നിവീണ് യാത്രക്കാരിക്കു പരിക്കേറ്റ സംഭവത്തില്‍ തൊളിക്കോട് പഞ്ചായത്ത് 22,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാര തുകയായ 22,500 രൂപ നല്‍കിയില്ലെങ്കില്‍ എട്ടുശതമാനം പലിശ നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറഞ്ഞു. തുക നല്കിയ ശേഷം തൊളിക്കോട് പഞ്ചായത്ത് സെക്രട്ടറി നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നഷ്ടപരിഹാരം പഞ്ചായത്തു നല്കിയ ശേഷം ഉത്തരവാദികളില്‍ നിന്നും നിയമാനുസരണം ഈടാക്കാന്‍ തൊളിക്കോട് പഞ്ചായത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.
2023 മേയ് ഒന്‍പതിനാണ് അപകടമുണ്ടായത്. മൈലാമൂട് ട്രാന്‍സ്ഫോര്‍മറിനു സമീപം റോഡിലുണ്ടായിരുന്ന മെറ്റലിലാണ് നെടുമങ്ങാട് സ്വദേശിനി സ്മിതാ ഭാസ്കറിന്റെ സ്കൂട്ടര്‍ തെന്നി മറിഞ്ഞത്.
ഹര്ജിക്കാരിക്കുസാരമായി പരിക്കറ്റിരുന്നു. തുടര്‍ന്നു കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് അവധിയെടുത്തുവന്നു ഭാര്യയെ ശുശ്രൂഷിക്കേണ്ടതായും വന്നു. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.