അമ്പൂരി-നെയ്യാര്‍ കനാൽ : സമാന്തര റോഡിലെ ബണ്ട് ഇടിഞ്ഞ് അപകടാവസ്ഥയില്‍
1574870
Friday, July 11, 2025 6:42 AM IST
വെള്ളറട: അമ്പൂരി- നെയ്യാര്‍ഡാം റോഡിലെ ബണ്ട് ഇടിയുന്ന ഭാഗത്ത് പാര്‍ശ്വഭിത്തിയോ ഇരുമ്പുവേലിയോ സ്ഥാപിക്കാന്‍ വൈകുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു. ഇവിടെ മണ്ണ് ഇടിയുന്നതിലൂടെ രൂപപ്പെട്ട കുഴിവരുന്നഭാഗം "എഫ്.ആര്.പി. ഡിവൈഡര്‍' ഉപയോഗിച്ച് പോലീസ് വേര്‍തിരിച്ചതിനു സമീപമാണ് റോഡ് അപകടാവസ്ഥയിലായത്.
രണ്ടുവര്‍ഷത്തിലേറെയായി ഇവിടെ കനാല്‍ ബണ്ട് ഇടിഞ്ഞുവീണിട്ട്. മഴക്കാലത്താണ് നെയ്യാര്‍ഡാം വലതുകര കനാലിനോടു ചേര്‍ന്നുവരുന്ന ഈഭാഗത്തെ മണ്ണിടിയുന്നത്. തുടര്‍ച്ചയായി മണ്ണിടിഞ്ഞു കനാല്വരുന്ന ഭാഗമാകെ വലിയ കുഴിയായിട്ടുണ്ട്. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന റോഡില്‍ മണ്ണിടിയുന്ന ഭാഗം വേര്‍തിരിച്ചു മാറ്റിയതോടെ റോഡിന്റെ വീതി വീണ്ടും കുറഞ്ഞു.
വേര്തിരിച്ചഭാഗത്തിനു മുമ്പ് വളവായതിനാല്‍ വേഗത്തില്‍വരുന്ന വാഹനങ്ങള്‍ക്ക് ഇവിടെയെത്തുമ്പോള്‍ മാത്രമേ റോഡിന്റെ സ്ഥിതി അറിയാനാകൂ. ഇതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാത എന്നതിനുപുറമേ പന്ത, അമ്പൂരി, മായം എന്നിവിടങ്ങളിലേക്കു പോകാനുള്ള നൂറുകണക്കിനു വാഹനങ്ങളും കടന്നുപോകുന്നത് ഈ വഴിയാണ്.
വലിയ വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. മണ്ണിടിയുന്നത് ഒഴിവാക്കാന്‍ ഇവിടെ സംരക്ഷണ ഭിത്തി കെട്ടാനും ഇരുമ്പ് കൈവരി സ്ഥാപിക്കാനും ജലസേചനവകുപ്പ് 45 ലക്ഷം രൂപയുടെ അടങ്കല്‍ തയാറാക്കി നല്കിയതല്ലാതെ അനുമതിക്കായി ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.