കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്കു തീപിടിച്ചു
1574602
Thursday, July 10, 2025 6:44 AM IST
പേരൂര്‍ക്കട: കിള്ളിപ്പാലം ബണ്ടു റോഡില്‍ ആക്രിക്കടയ്ക്കു തീപിടിച്ചത് ഫയര്‍ഫോഴ്സ് എത്തി സമയോചിതമായി കെടുത്തി. മുഹമ്മദ് ഹുസൈന്റെ ഉടമസ്ഥതയിലുള്ള ഹന-സന ട്രേഡ് ലിംഗ്സ് എന്ന കടയ്ക്കാണ് തീ പിടിച്ചത്.
ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് കടയ്ക്കുള്ളില്‍നിന്നു പുക ഉയരുന്നത് ജീവനക്കാര്‍ കണ്ടത്. ഏകദേശം 10 ജീവനക്കാരാണ് ഈ സമയം ഇവിടെയുണ്ടായിരുന്നു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സുധീഷ്ചന്ദ്രനും സംഘവുമാണ് തീ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കാതെ കെടുത്തിയത്.
ഏകദേശം 12 ലോഡ് ആക്രി സാധനങ്ങള്‍ കടയ്ക്കുള്ളിലുണ്ടായിരുന്നു. സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നത് ആശങ്ക വര്‍ധിപ്പിച്ചു. വന്‍ അഗ്നിബാധയുണ്ടാകാത്തത് നാശനഷ്ടത്തോത് കുറയ്ക്കുകയായിരുന്നു.