ഹോട്ടൽ ഉടമയുടെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിൽ
1574598
Thursday, July 10, 2025 6:34 AM IST
തിരുവനന്തപുരം: വഴുതക്കാട്ട് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ സംഭവത്തി ജീവനക്കാരായ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വഴുതക്കാട്ടെ കേരള കഫെ ഹോട്ടൽ ഉടമ ഇഴപ്പഴിഞ്ഞി ശ്രീലെയിനിൽ കീർത്തനത്തിൽ ജസ്റ്റിൻ രാജാണ് (60) കൊലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയാണു ജസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരായിരുന്ന ഡൽഹി സ്വദേശി ഡേവിഡ് ഡിൽകുമാർ(31), വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) എന്നിവരെയാണു മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അടിമലത്തുറയിലെ രാജേഷിന്റെ വീടിനു സമീപത്തുനിന്നു പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തേയും പ്രതികൾ ആക്രമിച്ചു.
ആക്രമണത്തിൽ വിഴിഞ്ഞം എസ്ഐ പ്രശാന്ത്, സിപിഒ വിനയൻ, ഹോംഗാർഡ് സുനിൽ എന്നിവർക്കു നിസ്സാര പരുക്കേറ്റു. തുടർന്നു ഷാഡോ സംഘം അടക്കം കൂടുതൽ പോലീസെത്തിയാണ് ബലപ്രയോഗത്തിലൂടെ പ്രതികലെ കീഴടക്കിയത്. ജസ്റ്റിനെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഹോട്ടൽ ജീവനക്കാർക്കു താമസിക്കാൻ ഉടമകൾ എടുത്തു നൽകിയ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. വഴക്കുപറഞ്ഞിന്റെ വൈരാഗ്യത്തിലാണ് ജസ്റ്റിനെ ആക്രമിച്ചതെന്നാണു പ്രതികൾ പോലീസിനോടു പറഞ്ഞത്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അജിത (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്). മകൻ: ഡോ. കിരൺ (ദുബായ്). മരുമകൾ: സോഫിയ (ദുബായ്).
മുൻ ജയിൽ സൂപ്രണ്ട് പരേതനായ സെൽവരാജ് പിതാവും സിപിഎം മുൻ ജില്ലാ സെക്രട്ടറി എം. സത്യനേശൻ ഭാര്യാപിതാവുമാണ്.