ജെ.സി. ഡാനിയേലിന്റെ വെങ്കല പ്രതിമ; നിർമാണം പുരോഗമിക്കുന്നു
1575137
Saturday, July 12, 2025 6:38 AM IST
നേമം: മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയേലിന്റെ വെങ്കല പ്രതിമ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിനായാണ് പ്രതിമ നിർമിക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷനാണ് നിർമ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്. കുന്നുവിള മുരളിയാണ് ശില്പി. നാല് മാസം കൊണ്ടാണ് ശില്പത്തിന്റെ ആദ്യഘട്ടം കളിമണ്ണിൽ പൂർത്തിയാക്കിയത്.
ജെ.സി. ഡാനിയേലിന്റെ മകൻ സി.ജെ. ഹാരിസ് സാനിയേലും ഭാര്യ സുശീല റാണിയും പാപ്പനംകോട് എസ്റ്റേറ്റിലുള്ള മുരളിയുടെ ശിൽപ്പ കേന്ദ്രത്തിലെത്തി സന്തുഷ്ടി അറിയിച്ചു.
ഇനി നാല് മാസം കൊണ്ട് പ്രതിമ പൂർത്തിയാക്കാനാകുമെന്ന് ശില്പി കുന്നുവിള മുരളി പറഞ്ഞു. നാല് ഘട്ടങ്ങളിലൂടെയാണ് പ്രതിമ നിർമാണം പൂർത്തിയാക്കുന്നത്.