യുവാവ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1574904
Friday, July 11, 2025 10:25 PM IST
വെഞ്ഞാറമൂട് : യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാരേറ്റ് മേലാറ്റുമുഴി ഗായത്രി മന്ദിരത്തിൽ രാധാകൃഷ്ണൻ നായരുടെയും ബേബിയുടെയും മകൻ അനന്ദു കൃഷ്ണൻ (24) നെയാണ് ബുധനാഴ്ച നാലുമണിയോടെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയോടെയാണ് അനന്ദു സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. അനന്ദു ഒഴികെ അവിടെ ഉണ്ടായിരുന്നവർ പുറത്തുപോയിരുന്നു. ഇവർ തിരിച്ചെത്തി നോക്കുമ്പോഴാണ് അനന്ദു തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. കാല് നിലത്ത് മുട്ടിയ നിലയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
എന്നാൽ വീട് അകത്ത് നിന്ന് പൂട്ടിയ ശേഷമാണ് അനന്ദു ആത്മഹത്യ ചെയ്തതെന്നും പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്നും വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൾ കലാം അറിയിച്ചു. ഗോകുലം മെഡിക്കൽ കോളജിലെ ജീവനക്കാരനാണ് മരിച്ച അനന്ദു കൃഷ്ണൻ.