ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1574905
Friday, July 11, 2025 10:25 PM IST
കഴക്കൂട്ടം: സ്പെഷൽ ഡ്യൂട്ടിക്കുള്ള പരിശീലനത്തിന് പോയ ടെലികമ്യൂണിക്കേഷൻ സിറ്റി ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേങ്കോട്ടുകോണം തുണ്ടത്തിൽ കീരിക്കുഴി ബഥേൽ ഹൗസിൽ ജയ്സൻ അലക്സ് (48) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.30ന് ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷം വിഐപി സന്ദർശനത്തിന്റെ ഭാഗമായ സ്പെഷൽ ഡ്യൂട്ടിക്ക് പുലർച്ചെ അഞ്ചിന് ഉച്ചഭക്ഷണവും എടുത്ത് ബൈക്കിൽ പോവുകയായിരുന്നു. എന്നാൽ രാവിലെ പത്ത് മണിയോടെ തിരിച്ചെത്തിയതായി അയൽ വീട്ടുകാർ പറഞ്ഞു. ഈ സമയം വീട്ടിൽ ഭാര്യയും മക്കളും ഇല്ലായിരുന്നു.
പോലീസും ഫോറൻസിക് വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സോമി പുതുക്കുറിച്ചി 'ഔവർ ലേഡി ഓഫ് മേഴ്സി' സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ആൻമി ജയ്സൺ, ആൻസി ജയ്സൺ. ഇരുവരും മേരി നിലയം വിദ്യാലയത്തിലെ വിദ്യാർഥികളാണ്. സഹോദരങ്ങൾ: ജിൽജ അലക്സ്, ജീജാ അലക്സ്, ജൂണാ അലക്സ്.
മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മാതാവും ബന്ധുക്കളും പറയുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുണ്ടറ കാഞ്ഞിരക്കോട് പള്ളി സെമിത്തേരിയിൽ നടക്കും. കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് തെങ്ങുവിള വീട്ടിൽ പരേതനായ അലക്സാണ്ടറുടേയും പട്ടത്താനം വിമലഹൃദയ സ്കൂളിലെ കായിക അധ്യാപികയായി വിരമിച്ച ജമ്മയുടേയും മകനാണ്.