സാൽവേഷൻ ആർമി; സ്ഥാനാരോഹണ ശുശ്രൂഷ നാളെ
1575140
Saturday, July 12, 2025 6:49 AM IST
തിരുവനന്തപുരം: സാൽവേഷൻ ആർമിയുടെ പുതിയ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റ് കേണൽ റാണി ഫൂല പ്രധാൻ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നാളെ നടക്കും.
കവടിയാർ കമ്മീഷണർ പി. ഇ. ജോർജ് മെമ്മോറിയൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷയിൽ മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജോണ് ജോസഫ് അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30 ന് പുതിയ സംസ്ഥാന നേതാക്കളെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. കമ്മീഷണർ എം.സി. ജയിംസിന്റെ പ്രാർഥനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്.
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ് ജോസഫ് പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തും. തുടർന്ന് കമ്മീഷണർമാരായ വിൽഫ്രഡ് വർഗീസ്, പ്രേമ വിൽഫ്രഡ് എന്നിവർ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സാൽവേഷൻ ആർമി ജനറൽ ലിൻഡൻ ബക്കിംഗ്ഹാമിന്റെ സന്ദേശം ചടങ്ങിൽ കമ്മീഷണർ വിൽഫ്രഡ് വർഗീസ് വായിക്കും.
സെൻട്രൽ ചർച്ച് സോംങ് സ്റ്റേഴ്സ് ബ്രിഗേഡ് സ്വാഗത ഗാനം ആലപിക്കുന്പോൾ പുതിയ നേതാക്കൾക്ക് സംസ്ഥാനത്തിന്റെ സ്വീകരണം നൽകും.മേജർ ആശാ ജസ്റ്റിൻ, ലെഫ്.കേണൽ ഡേവിഡ്സണ് വർഗീസ്, ജൂനി കോശി മറിയം, ശ്യം അരുവിക്കര, പോൾ രാജ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.
കേണൽ റാണി ഫൂലെ പ്രധാൻ മറുപടി പ്രസംഗം നടത്തും. കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ തിരുവചന സന്ദേശം നൽകും. ലെഫ്.കേണൽ സോണിയാ ജേക്കബ് സമാപന പ്രാർത്ഥന നടത്തും.സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആശീർവദിക്കും.