പഞ്ചഗുസ്തി താരത്തിന് ജന്മനാടിന്റെ സ്നേഹാദരം
1575135
Saturday, July 12, 2025 6:38 AM IST
നെയ്യാറ്റിന്‍കര : പഞ്ചഗുസ്തിയില്‍ ദേശീയതലത്തില്‍ വെള്ളി മെഡല്‍ പൊരുതി നേടിയ എ.എസ്. ദേവനാരായണന് ജന്മനാടിന്റെ സ്നേഹാദരം. നല്ല കൈക്കരുത്തും മനോധൈര്യവും കൃത്യസമയത്ത് എതിരാളിയുടെ വീഴ്ച മനസിലാക്കി പരാജയപ്പെടുത്താനുള്ള കഴിവും ഒത്തു ചേര്‍ന്നാല്‍ വിജയം ഉറപ്പിക്കാവുന്ന പഞ്ചഗുസ്തി മത്സരത്തില്‍ 75 കിലോഗ്രാം വിഭാഗത്തിലാണ് നെയ്യാറ്റിന്‍കര രാമേശ്വരം സ്വദേശി ദേവനാരായണന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജിം മാസ്റ്റർ ആയ മുഹമ്മദ് റാസിയുടെ നിര്‍ദേശപ്രകാരം പഞ്ചഗുസ്തിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയ ദേവനാരായണന് അധികം വൈകാതെ സംസ്ഥാന ചാന്പ്യനുമായി.
രാജ്യത്തിന്റെ പ്രതിനിധിയായി വിശ്വമത്സരത്തിന് തയാറെടുക്കുന്ന സന്ദര്‍ഭത്തിലാണ് രാമേശ്വരം പൗരാവലി കായികതാരത്തെ ആദരിച്ചത്. ഗ്രേസ് ഗാർഡൻസിൽ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാമേശ്വരം കൗൺസിലറും ബിജെപി നെയ്യാറ്റിൻകര നഗരസഭ പാർലമെന്ററി പാർട്ടി ലീഡറുമായ ഷിബുരാജ് കൃഷ്ണ അധ്യക്ഷനായി. ബിജെപി തിരുവനന്തപുരം ജില്ല സൗത്ത് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ഫ്രാൻ പ്രസിഡന്റ് എസ്. കെ. ജയകുമാർ,
നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, രാമേശ്വരം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എസ്.വി.സാജൻ, രാമേശ്വരം ശ്രീ മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.എസ്. മനു, നെയ്യാറ്റിൻകര നഗരസഭ കൗണ്‍സിലര്‍മാരായ മഞ്ചന്തല സുരേഷ്, ഗ്രാമം പ്രവീൺ, മരുതത്തൂർ ബിനു, കല മുതലായവരും രാമേശ്വരം അക്ഷയശ്രീ, കുടുംബശ്രീ ഉൾപ്പെടെയുള്ള യൂണിറ്റംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.