തൊഴിലുറപ്പു പണിക്കിടെ പാമ്പിന്റെ കടിയേറ്റു
1575142
Saturday, July 12, 2025 6:49 AM IST
വെള്ളറട: സ്വകാര്യ ഭൂമിയില്‍ തൊഴിലുറപ്പു പണികള്‍ ചെയ്യുന്നതിനിടെ തൊഴിലാളിക്ക് പാമ്പിന്റെ കടിയേറ്റു. തേക്കുപാറ സന്തോഷ് ഭവനില്‍ വത്സലകുമാരി(63)യെയാണ് പാന്പ് കടിച്ചത്.
രാവിലെ 11 ഓടെയായിരുന്നു സംഭവം. അമ്പൂരി പഞ്ചായത്തിലെ തേക്കുപാറ വാര്‍ഡിലെ തേക്കുപാറകൊണ്ടകെട്ടി റോഡരികിലെ സ്വകാര്യ പുരയിടത്തില്‍ പണിചെയ്യുന്നതിനിടയിലാണ് വത്സലകുമാരിക്ക് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ സഹായത്തോടെ ഉടനെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചു.
നെയ്യാറ്റിന്‍കരയില്‍ ചികിത്സയ്ക്കിടയില്‍ കൈയില്‍ നീര് കൂടിയതിനാല്‍ മോതിരവും വളയും ഊരിമാറ്റാന്‍ സാധിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേന അധികൃതരെത്തിയാണ് അവ നീക്കിയത്. പിന്നീട് വത്സലകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി.