ജയിലില്‍ കൈഞരമ്പ് മുറിച്ച പ്രതി ആംബുലന്‍സില്‍ നിന്നു ചാടി
1575133
Saturday, July 12, 2025 6:38 AM IST
പേരൂര്‍ക്കട: ജയിലില്‍ കൈഞരമ്പ് മുറിച്ച പ്രതി ചികിത്സയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നു ചാടി. നെയ്യാറ്റിന്‍കര സ്പെഷല്‍ സബ്ജയിലില്‍ പാര്‍പ്പിച്ചിരുന്ന മുഹമ്മദ് കബീര്‍ ആണ് ആംബുലന്‍സില്‍ നിന്നു ചാടിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടുകൂടി മ്യൂസിയം സ്റ്റേഷന് പരിധിയില്‍ ബാര്‍ട്ടണ്‍ഹില്‍ റോഡിലായിരുന്നു സംഭവം. മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്നയാളായിരുന്നു മുഹമ്മദ് കബീര്‍. സബ്ജയിലില്‍ ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ ബാത്ത്റൂമില്‍ വച്ച് മുഹമ്മദ് കബീര്‍ കൈഞരമ്പു മുറിച്ചു.
രക്തം വാര്‍ന്നൊഴുകിയതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ജയിലധികൃതര്‍ ഉടന്‍തന്നെ ഇയാളെ ആംബുലന്‍സില്‍ കയറ്റി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ജയില്‍ ജീവനക്കാരുടെ സുരക്ഷയില്‍ കൊണ്ടുപോയിട്ടും ബാര്‍ട്ടണ്‍ ഹില്ലിലെത്തിയപ്പോള് ഇയാള്‍ ആംബുലന്‍സില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ജീവനക്കാര്‍ ഇയാളെ പിടികൂടി തിരികെ ആംബുലന്‍സില്‍ കയറ്റി. വീഴ്ചയില്‍ കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ മുഹമ്മദ് കബീറിനെ ആദ്യം അത്യാഹിതവിഭാഗത്തിലും പിന്നീട് സര്‍ജറി വാര്‍ഡിലും പ്രവേശിപ്പിച്ചു.
ആത്മഹത്യാശ്രമം നടത്തിയ പ്രതിയെ ആംബുലന്‍സില്‍ കൊണ്ടുപോയതിലുള്ള സുരക്ഷാവീഴ്ചയാണ് ഇയാള്‍ വാഹനത്തില്‍ നിന്നു ചാടാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.