വെള്ളറടയില്‍ വൈദ്യുതി പ്രതിസന്ധി; മരങ്ങള്‍ ഒടിഞ്ഞുവീണ് നാശനഷ്ടം
1575145
Saturday, July 12, 2025 6:49 AM IST
വെള്ളറട: പാറശാലയില്‍ നിന്ന് വെള്ളറട സബ്സ്റ്റേഷന് വരെയുള്ള 33 കെവി ലൈനില്‍ കേബിള്‍ വലിക്കാത്തത് വലിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി. മലയോര ഹൈവേ റോഡുമായി ബന്ധപ്പെട്ട് പോകുന്ന ഇലക്ട്രിക് പോസ്റ്റിലാണ് 33 കേബിള്‍ വലിക്കുന്നത്. കേബിള്‍ വലിക്കുന്നതോടെ പാറശാല 110 കെ വി സബ്സ്റ്റേഷനില്‍ നിന്നും വെള്ളറട 110 കെവി സബ്സ്റ്റേഷന് വരെയുള്ള പ്രധാന റോഡിലൂടെ വൈദ്യുതി തടസമില്ലാതെ എത്തിക്കാന്‍ കഴിയും.
കേബിള്‍ വലിക്കല് കൃത്യമായി നടക്കാത്തത് കാരണം ഗ്രാമീണ മേഖലയിലെ ഇട റോഡുകളിലെ വൈദ്യുതി കമ്പികളുടെ പുറത്ത് മരങ്ങള്‍ വീണു വൈദ്യുതി തടസം സൃഷ്ടിക്കുന്നതിനാല്‍ വെള്ളറട മേഖലയാകെ ഇരുട്ടിലാവുകയാണ് ചെയ്യുന്നത്.
കെഎസ്ഇബി അവസരോചിതമായി കേബിള്‍ വലിക്കാത്തതാണ് ദിവസങ്ങളായി വെള്ളറട പ്രദേശം ഇരുട്ടിലാകാന്‍ കാരണം. ദിവസങ്ങളിലായി തിമിര്‍ത്തു പെയ്യുന്ന മഴ പ്രദേശമാകെ വൈദ്യുതി തടസത്തിനും വ്യാപക കൃഷി നാശത്തിനും ഇടവരുത്തിയിട്ടുണ്ട്. മരങ്ങള്‍ വീഴുന്നത് ജീവനക്കാര്‍ക്ക് തക്കസമയത്ത് നീക്കം ചെയ്യാന്‍ കഴിയുന്നില്ല.