"കാട്ടറിവുകളുടെ മുത്തച്ഛൻ' റേഡിയോ മല്ലൻകാണി ഇനി ഓർമ
1575334
Sunday, July 13, 2025 7:08 AM IST
മരണം സംഭവിച്ചതു 115-ാം വയസിൽ
കോട്ടൂർ: 115 വയസിന്റെ ചെറുപ്പവും പിന്നിട്ട് കാട്ടറിവുകളുടെ മുത്തച്ഛനായി ജീവിച്ച റേഡിയോ മല്ലൻകാണി വിടചൊല്ലി. അഗസ്ത്യമലയിലെ കാട്ടറിവുകളുടെ മുത്തച്ഛൻ മാത്രമല്ല ഗോത്ര ആചാരത്തിന്റെ പിന്തുടർച്ചക്കാരനുമായിരുന്ന മല്ലൻ ഇന്നലെ മരണപ്പെട്ടു. കാട്ടിൽ ആദ്യമായി റേഡിയോ വാങ്ങിയ മല്ലൻ അതാണ് റേഡിയോ മല്ലൻ എന്ന വിളിപ്പേരു വന്നതിനു പിന്നിലെ കഥ.
എപ്പോഴും റേഡിയോയും തൂക്കിയുള്ള നടപ്പുകണ്ടാണ് ഊരിലുള്ളവർ ഈ വിളിപ്പേരു നൽകിയത്. പഴയ ബാറ്ററി റേഡിയോ തന്നെയാണ് ഇപ്പോഴുമുള്ളത്. പണ്ട് ഇലക്ഷൻ സമയത്ത് അഗസ്ത്യമലയിലെ കാണിക്കാരുടെ വാർത്താകേന്ദ്രം ഈ റേഡിയോയാണ്. മുൻ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമെല്ലാം മരിച്ചപ്പോഴും കാണി സമൂഹം വാർത്ത അറിഞ്ഞത് മല്ലന്റെ റേഡിയോയിലൂടെയാണ്.
ആ ദിനങ്ങൾ തനിക്ക് ഏറെ ഞെട്ടലുണ്ടാക്കിയെന്നും കാണി ഒരിക്കൽ പറഞ്ഞിരുന്നു. വള്ളികൾ കൂട്ടിപ്പിനച്ച് വളയമുണ്ടാക്കി, അതിൽ കുരുക്കിട്ട്, പിരിയുടെ എണ്ണവും കുരുക്കുകളും സന്ദേശമാക്കുന്ന ഗോത്രവർഗ സമ്പ്രദായം കൈകാര്യം ചെയ്തിട്ടുള്ള ഊരുമൂപ്പനായിരുന്നു മല്ലൻ കാണി. പ്രായം നൂറ്റപതിനഞ്ചെന്ന് മല്ലൻ കാണി.
അതുക്കും മേലെന്നു നാട്ടുകാരും ബന്ധുക്കളും. നൂറുകടന്ന ഭാര്യ നീലമ്മ മരണപ്പെട്ടതോടെ രണ്ടു മക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. കോട്ടൂർ എറുമ്പിയാട് വനവാസി ഊരിലുള്ളവർക്കും കൃത്യമായി അറിയില്ല മല്ലൻ കാണി എന്ന കാട്ടറിവുകളുടെ മുത്തച്ഛന്റെ പ്രായം. പക്ഷേ, എല്ലാവർക്കും ഒന്നറിയാം... കുളത്തൂപ്പുഴയ്ക്ക് ഇപ്പുറം മുതൽ അമ്പൂരിവരെയുള്ള തെക്കൻ മലയോരത്ത് ഏറ്റവും പ്രായം കൂടിയ വനമുത്തച്ഛൻ മല്ലൻ കാണി തന്നെ.
പ്രായത്തോടു മത്സരിക്കുന്ന ഈ മുത്തച്ഛന്റെ ആരോഗ്യത്തിനും കാട്ടറിവുകൾ പങ്കുവയ്ക്കാനുള്ള ഓർമയ്ക്കും പിഴവൊന്നുമില്ലായിരുന്നു. ആകാശത്തുനോക്കി മഴ എവിടെ എപ്പോൾ മഴ പെയ്യുമെന്നു കൃത്യമായി പ്രവചിക്കും. കാറ്റിന്റെ ദൂരമളക്കും, വേഗവും. പ്രകൃതിയുടെ ചെറിയ ചലനങ്ങൾ പോലും തിരിച്ചറിയും. മലമ്പാട്ടും ചാറ്റുപാട്ടും വൈദ്യവും വശമുണ്ട്. പ്രാചീനകാലത്തു വനവാസികൾ ദൂരെദേശങ്ങളിൽ സന്ദേശം എത്തിച്ചിരുന്ന അഞ്ചുമനക്കെട്ട് എന്ന സമ്പ്രദായം അറിയുന്ന, ജീവിച്ചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളായിരുന്നുല്ലൻ കാണി.
പണ്ട് തിരുവിതാംകൂർ മഹാരാജാവിന് പലപ്രാവശ്യം ദൂതർ വഴി താൻ അഞ്ചുമനക്കെട്ടിൽ കാട്ടിലെ പ്രശ്നങ്ങൾ സന്ദേശമായി കൈമാറിയിട്ടുള്ളത് ഈ മുത്തച്ഛന്റെ ഓർമയിലുണ്ട്. കായ്കനികളായിരുന്നു മല്ലന്റെയും നീലമ്മയുടെയും പ്രധാന ഭക്ഷണം. ഇതേവരെ അസുഖങ്ങളൊന്നും വന്നിട്ടില്ല. ആശുപത്രിയിലും പോയിട്ടില്ല. എറുമ്പിയാട് ഉൾവനത്തിൽ ഈറത്തണ്ടും ഈറ്റയിലയും കൊണ്ടുണ്ടാക്കിയ കുടിലിലാണ് ഇരുവരുടെയും വാസം.
വൈദ്യുതിയില്ല. വിറകുകൾ കൂട്ടിയിട്ട് കത്തിച്ചാണ് തണുപ്പിനെയും ഇരുട്ടിനെയും അകറ്റുന്നത്. ഭാര്യ മരിച്ചതോടെ ഏകാന്തതതായിരുന്നു മല്ലന്റെ കൂട്ട്. പുറംനാട്ടിലെ പരിഷ്കൃത ജീവിതത്തോട് പരമാവധി അകലം പാലിക്കുന്നതായിരുന്നു മല്ലന്റെ രീതി. കാടിനെ നോവിക്കാതെ, കാട്ടുരീതികൾ പാലിച്ച്, മാത്രം ജീവിതം തുടർന്ന മല്ലൻ ഒടുവിൽ മരണത്തിന് കീഴടങ്ങി.