മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
1575335
Sunday, July 13, 2025 7:08 AM IST
വിഴിഞ്ഞം: ചൂണ്ടയിട്ടു മീൻ പിടിക്കാൻ ഒറ്റക്ക് വള്ളത്തിൽ പോയ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പൂവാർ പള്ളംപുരയിടത്തിൽ നിന്നു വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം കുഴിവിളയിൽ താമസമാക്കിയ ക്രിസ്തുദാസിന്റെ മകൻ ബൻസിഗറി(39)നെയാണു കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞത്തുനിന്ന് സ്വന്തം വള്ളത്തിൽ മീൻ പിടിക്കാൻ പുറപ്പെട്ടതായിരുന്നു ബൻസിഗർ.
രാത്രിയിൽ തീരത്തിനും രണ്ടര കിലോമീറ്റർ ഉള്ളിൽ ആളില്ലാത്ത വള്ളം നങ്കുരമിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റു മത്സ്യത്തൊഴിലാളികൾ തീരദേശ പോലീസിനെ വിവരമറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ ബോട്ടിൽ അധികൃതരെത്തി നടത്തിയ പരിശോധനയിൽ ആളില്ലാത്ത വള്ളത്തിൽ നിന്നു ഫോണും ആധാർ കാർഡും ചെരിപ്പും കണ്ടെത്തി.
തുടർന്നു നടത്തിയ പരിശോധനയിലാണു വള്ളം ബൻസിഗറിന്റേതാണെന്നു മനസിലായത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായിരുന്നതിനാൽ ഇയാൾ ഏതെങ്കിലും തരത്തിൽ വെള്ളത്തിൽ വീണിരിക്കാമെന്നും അധികൃതർ കരുതുന്നു.
വള്ളത്തെ മറൈൻ അധികൃതർ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. ഇന്നലെ വൈകുന്നേരം നിർത്തിവച്ച തെരച്ചിൽ ഇന്നു വീണ്ടും ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ - ജിൻസി, ഒരു മകനുണ്ട്.