വ്യാജ രേഖയുണ്ടാക്കി വസ്തുതട്ടിയ സംഭവം : ഒളിവില്പ്പോയവർക്കായി അന്വേഷണം ഊര്‍ജിതം
1575340
Sunday, July 13, 2025 7:08 AM IST
പേരൂര്‍ക്കട: വ്യാജ രേഖകളുണ്ടാക്കി വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍പ്പോയ രണ്ടുപേരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. വസ്തുവും വീടും വാങ്ങിയ ചന്ദ്രസേനന്, കിള്ളിപ്പാലത്ത് ആധാരമെഴുത്ത് ഓഫീസ് നടത്തിവരുന്ന അനന്തപുരി മണികണ്ഠന് എന്നിവരെ കണ്ടെത്തുന്നതിനാണ് അന്വേഷണം നടന്നുവരുന്നത്.
ഒളിവില്‍പ്പോയ ഇവര്‍ രണ്ടുപേരും കോടതിയില്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണു സൂചന. കവടിയാര്‍ ജവഹര്‍ നഗര്‍ സ്വദേശിനിയും നിലവില്‍ അമേരിക്കയില്‍ താമസിച്ചുവരുന്നയാളുമായ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും ഭൂമിയുമാണ് തട്ടിയെടുത്തത്.
കൊല്ലം പുനലൂര്‍ സ്വദേശിനി മെറിന് ജേക്കബ്, കരകുളം സ്വദേശിനി വസന്ത എന്നിവരാണ് സംഭവത്തില്‍ ഇതുവരെ പിടിയിലായിട്ടുള്ള രണ്ടുപേര്‍.
വസ്തു തട്ടിയെടുക്കുന്നതിന് മെറിന് ജേക്കബിനെ മണികണ്ഠന് കരുവാക്കുകയായിരുന്നുവെന്നും ഇയാള്‍ക്കുപിന്നില്‍ വേറെയും ഉന്നതരുണ്ടെന്നും മ്യൂസിയം പോലീസ് അറിയിച്ചു. ഡോറയുടെ വളര്‍ത്തുമകളാണ് മെറിന് ജേക്കബ് എന്നു വരുത്തിത്തീര്‍ത്താണ് വസ്തുവിന്റെ പ്രമാണം നടത്തിയത്. വ്യാജ പ്രമാണവും ആധാര്‍കാര്‍ഡും പരിശോധനയില്‍ പോലീസ് കണ്ടെത്തുകയുണ്ടായി.
അതിനിടെ കഴിഞ്ഞദിവസം മണികണ്ഠന്റെ കിള്ളിപ്പാലത്തെ ആധാരമെഴുത്ത് ഓഫീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തിയതായാണ് വിവരം. ഇവിടെ ഓഫീസ് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും മണികണ്ഠന് സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. വീടും വസ്തുവും നേടിയെടുത്ത ചന്ദ്രസേനനെ കണ്ടെത്തുന്നതിനാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
ചന്ദ്രസേനനെ കണ്ടെത്തിയാല്‍ മെറിന് ജേക്കബിന്റെ നീക്കങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നു അറിയാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ മണികണ്ഠനെയാണ് പ്രധാനപ്രതിയായി പോലീസ് ചേര്‍ത്തിരിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ വ്യക്തികളിലേക്കു നീളും.