സ്കൂള്‍ വിദ്യാര്‍ഥികളെ കാണാനില്ല; 18കാരനൊപ്പം പോയതെന്നു പോലീസ്
1575338
Sunday, July 13, 2025 7:08 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. 18-കാരനൊപ്പമാണ് വിദ്യാര്‍ഥികള്‍ പോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ്.
പേട്ട, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍പ്പെടുന്ന വിദ്യാര്‍ഥികളാണ് തൃക്കണ്ണാപുരം സ്വദേശിയായ 18-കാരനൊപ്പം പോയതെന്നാണു സൂചന.
പേട്ട, പേരൂര്‍ക്കട സ്റ്റേഷനുകളുടെ പരിധിയില്‍നിന്നു 16 വയസുവീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും വട്ടിയൂര്‍ക്കാവ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഒരു 16-കാരനുമാണ് 18-കാരനുമൊത്തു സ്ഥലം വിട്ടത്. നാലുപേരുടെയും രക്ഷിതാക്കള്‍ വിവിധ സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണു നാല്‍വര്‍ സംഘം തിരുവനന്തപുരം വിട്ടതെന്നും ഇവര്‍ ബാംഗ്ലൂരിലേക്കാണു പോയതെന്നുമാണു പൂജപ്പുര പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.