സജിനയ്ക്ക് നാടിന്റെ ആദരം
1575361
Sunday, July 13, 2025 7:14 AM IST
തിരുവനന്തപുരം: റോഡപകടത്തിൽ ഗുരുതര പരിക്കേറ്റു ചലനമറ്റു കിടന്ന മധ്യവയസ്കനെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ജീവൻ രക്ഷിച്ച സജിനയ്ക്ക് നാടിന്റെ സ്നേഹാദരം. പാറ്റൂർ മൂലവിളാകം ജംഗ്ഷനിലാണു ബൈക്ക് യാത്രികനെ കാറിടിച്ച് തെറുപ്പിച്ചത്. ശ്രീകാര്യം ആനന്ദേശ്വരം അജ്ഫർ നിവാസിൽ എം. സജിന അപകടസ്ഥലത്തിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്.
ചോര വാർന്നു ചലനമറ്റു കിടന്ന യാത്രികനു സമീപം നിരവധിയാളുകൾ സ്തബ്ധരായി നിൽക്കവേയാണ് സജിന ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി പത്തു മിനിട്ടിലധികം സിപിആർ നൽകിയത്. പെട്ടെന്നു ശ്വസനം വീണ്ടെടുത്തതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പേട്ട സെന്റ് ആൻസ് ഫൊറോന പള്ളി യും കണ്ണമ്മൂല വാർഡിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ ഫെഡറേഷനും സംയുക്തമായി സെന്റ് ആൻസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാട്ടുകാർ സജിനയെ ആദരിച്ചത്.
പള്ളി വികാരി ഫാ. തിയോഡേഷ്യസ് ഡിക്രൂസ് സജിനയ്ക്ക് ഉപഹാരം കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അധ്യക്ഷത വഹി ച്ചു. തിക്കുറിശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂർ, ബാബു ജോസ് വർഗീസ്, ലിയോണി മസ്ക്രീൻ, ഡി. ശ്രീകുമാർ, ജോസ് ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.