നഗരംവിട്ട നാല്‍വര്‍ സംഘത്തെ കണ്ടെത്താന്‍ പ്രത്യേക സംഘം
1575703
Monday, July 14, 2025 7:01 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം നഗരംവിട്ട നാല്‍വര്‍ സംഘത്തെ കണ്ടെത്തുന്നതിന് പോലീസ് പ്രത്യേക സംഘം ബംഗളൂരുവിലേക്കു തിരിച്ചു. വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പോലീസ് സംയുക്തമായാണു സ്കൂള്‍ വിദ്യാര്‍ഥികളായ മൂന്നുപേരെയും ഒരു 18-കാരനെയും കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞദിവസം വട്ടിയൂര്ക്കാവില്നിന്നാണ് നാല്‍വര്‍ സംഘത്തെ കാണാതായത്. പേട്ട, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ നിന്ന് 16 വയസുള്ള രണ്ടു പെണ്‍കുട്ടികളെയും വട്ടിയൂര്‍ക്കാവില്‍ നിന്ന് 16 വയസുള്ള ആണ്‍കുട്ടിയെയുമാണ് കാണാതായത്.
തൃക്കണ്ണാപുരത്തുള്ള 18-കാരനൊപ്പമാണ് ഇവര്‍ പോയതെന്നാണ് പോലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ബംഗളൂരുവിലുള്ളതായി കാണിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
വട്ടിയൂര്‍ക്കാവ് സ്വദേശിയായ 16-കാരനെ വീട്ടുകാര്‍ വഴക്കുപറഞ്ഞതിലുള്ള വിരോധമാണ് നാടുവിടാന്‍ കാരണമായി പറയുന്നത്.