കാട്ടാക്കട അതിവേഗ പോക്സോ കോടതിയിൽ തീപിടിത്തം
1575862
Tuesday, July 15, 2025 2:56 AM IST
കാട്ടാക്കട: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയിൽ തീപിടിത്തം. കോടതി ഓഫീസ് മുറിക്കാണു ഇന്നലെ രാത്രി 9.15ഓടെ തീപിടിച്ചത്.
ഷോർട്ട് സർക്യൂട്ട് ആണോ മറ്റെന്തെങ്കിലുമാണോ തീപിടിത്തത്തി കാരണമെന്ന് അന്വേഷിക്കുന്നു. തൊണ്ടിമുതലുകളും ഫയലുക ളും ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന ഓഫീസാണ് ഇതെന്നാണു വിവരം. തീപിടിച്ചപ്പോഴും തീകെടുത്തുമ്പോൾ വെള്ളം നനഞ്ഞും ഇവയ്ക്കു നാശം സംഭവിച്ചിട്ടുണ്ടോ എന്നതും കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തമാകൂ.
കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്. രാത്രി കെട്ടിടത്തിൽനിന്നും തീയും പുകയും ഉയരുന്നതുകണ്ടു പ്രദേശവാസികൾ വിവരം പോലീസിലും അഗ്നിരക്ഷാ നിലയത്തിലും അറിയിക്കുകയായിരുന്നു.
കണ്ണാടിച്ചില്ലുകൾ പൊട്ടിച്ചാണ് ഫയർ ഫോഴ്സ് അകത്ത് കടന്നത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേശ് കുമാർ രാത്രിയോടെ കോടതിയിലെത്തി പരിശോധന നടത്തി. കാട്ടാക്കട ഡിവൈഎസ് പി റാഫിയുടെ നേതൃത്വത്തിൽ പോലിസും സ്ഥലത്തെത്തി.