കോർപറേഷനിൽ ഭരണ-പ്രതിപക്ഷ ബഹളം; കൗണ്‍സിൽ ഹാളിനുള്ളിൽ കടന്നു പോലീസ്
1575872
Tuesday, July 15, 2025 2:56 AM IST
തിരുവനന്തപുരം : തദേശ തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ശേഷിക്കേ തിരുവനന്തപുരം കോർപറേഷനിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ രാഷ്ട്രീയം പറഞ്ഞു കയ്യാങ്കളി.
ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ ശുചീകരണ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കം സിപിഎം-ബിജെപി കൗ ണ്‍സിലർമാർ തമ്മിൽ വാക്കേറ്റത്തിനും ഉന്തുംതള്ളിനും കാരണമായി. 56 ഒഴിവുകളിലേക്കുള്ള പട്ടികയിൽ സിപിഎം-സിപിഐ അനുഭാവികളെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാരോപിച്ചു ബിജെപി വനിതാ കൗണ്‍സിലർമാർ കൗണ്‍സിൽ യോഗം തുടങ്ങുന്നതിനു മുന്‍പു തന്നെ മേയർ ആര്യ രാജേന്ദ്രനെതിരെ പോസ്റ്റുകളുമായി മേയറുടെ ഡയസിൽ കയറി പ്രതിഷേധിച്ചു. മേയർ എത്തുന്പോൾ സംരക്ഷണമൊരുക്കാൻ ഭരണപക്ഷത്തെ വനിതാ കൗണ്‍സിലർമാരും സംഘടിച്ചു.

രണ്ടരയ്ക്കാണു കൗണ്‍സിൽ യോഗം ആരംഭിക്കേണ്ടിയി രുന്നത്. എന്നാൽ 45 മിനിറ്റു വൈകിയാണു മേയർ എത്തി യത്. ഇതോടെ ബിജെപി അംഗങ്ങൾ അഴിമതിക്കാരിയായ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബാനറുയർത്തി മുദ്രാവാക്യം വിളിച്ചു.
ബിജെപിയുടെ വനിതാ കൗണ്‍സിലർമാർ മേയറുടെ ഡയസിലേയ് ക്കു കയറി ബഹളം വച്ചു. ഇതോടെ കൗണ്‍സിൽ യോഗം ചേരാൻ കഴിയാത്ത സാഹചര്യമുണ്ടായി. പിന്നീടു വനിതാ പോലീസ് അടക്കം കോർപറേഷനിലെത്തി. ബിജെപി വനിതാ കൗണ്‍സിലർമാരും വനിതാ പോലീസും തമ്മിൽ ഏറെ നേരം പിടിയും വലിയുമായി.
വനിതാ കൗണ്‍സിലർമാരെ ബലം പ്രയോഗിച്ചു തൂക്കിയെടുത്താണു മേയറുടെ ഡയസിൽ നിന്നും പോലീസ് പുറത്തേയ്ക്കു കൊണ്ടുപോയത്. എന്നാൽ വീണ്ടും കൗണ്‍സിലർമാർ തിരിച്ചെത്തിയോടെ പ്രതിഷേധം കടുത്തു. മേയറെ മറച്ചു ബിജെപിയിലെ ഗിരികുമാറും നന്ദ ഭാർഗവും ഉയർത്തിയ ബാനർ പിടിച്ചു വാങ്ങാൻ എൽഡിഎഫ് കൗണ്‍സിലർമാർ ശ്രമിച്ചു. ബാനർ കീറിയതിനെ തുടർന്നു വീണ്ടും കൗണ്‍സിലർമാർ ചേരി തിരിഞ്ഞ് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ അജണ്ടകളെല്ലാം പാസാക്കിയതായി അറിയിച്ചു മേയർ യോഗം പിരിച്ചു വിട്ടു.
ബിജെപിയുടെ കൗണ്‍സിലർമാർ നടത്തിയ അഴിമതി മറയ്ക്കാനാണു ഇപ്പോൾ സംഘർഷം ഉണ്ടാക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ പറഞ്ഞു. പട്ടിക റദ്ദാക്കിയില്ലെങ്കിൽ സത്യാഗ്രഹ സമരം ഉൾപ്പെടെ നടത്തുമെന്ന് ബിജെപി സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കരമന ജയനും പറഞ്ഞു.