ഭൂമി തട്ടിപ്പു കേസ്: ചന്ദ്രസേനനു ജാമ്യം
1577118
Saturday, July 19, 2025 6:21 AM IST
തിരുവനന്തപുരം: വ്യാജരേഖകൾ ഉണ്ടാക്കി ആൾമാറാട്ടം നടത്തി അമേരിക്കയിലുളള സ്ത്രീയുടെ വീടും വസ്തുവും തട്ടിയെടുത്ത കേസിൽ നാലാം പ്രതി ചന്ദ്രസേനന് കോടതി ജാമ്യം അനുവദിച്ചു.
കേസിലെ മൂന്നാം പ്രതിയും കോണ്ഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠന്റെ മുൻകൂർ ജാമ്യം കോടതി തളളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജികൾ പരിഗണിച്ചത്. കേസിലെ ഒന്നാം പ്രതി മെറിൻ ജേക്കബിന്റെ റിമാൻഡ് കാലാവധി 31 വരെ നീട്ടിയ കോടതി ജാമ്യഹർജിയിൽ ഇന്നു വിധി പറയും.
ശാസ്തമംഗലം ജവഹർ നഗറിൽ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുളള ഒന്നര കോടി രൂപ വിലവരുന്ന ഭൂമിയും വീടുമാണ് പ്രതികൾ തട്ടിയെടുത്തു വിൽപന നടത്തിയത്. പുനലൂർ അടയമണ് ചണ്ണപ്പേട്ട മണക്കാട് പുതുപറന്പിൽ വീട്ടിൽ മെറിൻ ജേക്കബ്, വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട്ട് വീട്ടിൽ വസന്ത എന്നിവർ ചേർന്ന് വെണ്ടറായ അനന്തപുരി മണികണ്ഠന്റെ സഹായത്താൽ ഭൂമി തട്ടിയെടുത്ത് ചന്ദ്രസേനന് വിലയാധാരമായി നൽകുകയായിരുന്നു.
ഭൂമി സംബന്ധമായ രേഖകൾക്ക് വീടു സൂക്ഷിപ്പുകാരൻ സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.
യഥാർത്ഥ പ്രമാണം ഹാജരാക്കിയില്ല
പേരൂർക്കട: കവടിയാർ ജവഹർ നഗറിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രമാണം ഇനിയും ഹാജരാക്കിയില്ല. ചന്ദ്രസേനന്റെ മരുമകൻ അനിൽ തമ്പിയുടെ കൈവശമാണ് അസ്സൽ പ്രമാണം ഉള്ളത്.
ഇത് ഹാജരാക്കുന്നതിന് മ്യൂസിയം പോലീസ് ഇദ്ദേഹത്തിന് രണ്ട് ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഒറിജിനൽ പ്രമാണം ഇദ്ദേഹം ഹാജരാക്കിയിട്ടില്ല.