ശക്തമായ കാറ്റും മഴയും : നഗരത്തില്‍ വ്യാപകമായി മരങ്ങള്‍ നിലംപൊത്തി
1576571
Thursday, July 17, 2025 6:59 AM IST
പേരൂര്‍ക്കട: കഴിഞ്ഞദിവസം നഗരത്തിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങള്‍ നിലംപൊത്തി. ചില സ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ മുറിഞ്ഞുവീണു. വീടുകള്‍ക്കു നേരിയതോതില്‍ നാശനഷ്ടങ്ങളുണ്ടായി. ഗതാഗതതടസവും നേരിട്ടു. പൂജപ്പുര മുടവന്മുകളില് തണല്‍മരം കെഎസ്ഇബി ലൈനിനു മുകളിലേക്കു വീണു.
പാങ്ങോട് ചിത്രാ നഗറില്‍ ഇലക്ട്രിക് ലൈനിനു മുകളില്‍ പ്ലാവ് വീണ് വൈദ്യുതബന്ധം തടസപ്പെട്ടു. ഇവിടെ എംആര്‍എ ബേക്കറിക്ക് എതിര്‍വശത്തേക്ക് മിലിറ്ററി കോമ്പൗണ്ടില്നിന്ന കൂറ്റന്‍ മരംവീണു ബേക്കറിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന മാരുതി ഈക്കോ വാഹനം തകര്‍ന്നു. തിരുമല ചെറുകര ഗാര്‍ഡന്‍സില്‍ സജിത്തിന്റെ 203-ാം നമ്പര്‍ വീടിനു മുകളിലേക്കു തണല്‍മരം വീണു വീടിന് ചെറിയതോതില്‍ നാശനഷ്ടങ്ങളുണ്ടായി.
വേട്ടമുക്കില്‍ ലീലാമ്മയുടെ വീട്ടിലേക്കു സമീപത്തെ പുരയിടത്തില്‍നിന്ന തെങ്ങുവീണു. പിടിപി നഗറിനു സമീപം ഇലിപ്പോടില് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്കു വേരോടെ പിഴുത് ഇലക്ട്രിക് ലൈനിനു മുകളിലേക്കു വീണു. പരുത്തിപ്പാറ എംജി കോളജ് കോമ്പൗണ്ടില്നിന്ന കൂറ്റന്‍ തെങ്ങ് പോസ്റ്റിനു മുകളിലൂടെ റോഡിലേക്കു വീണു വൈദ്യുതബന്ധവും ഗതാഗതവും തടസപ്പെട്ടു.
കുടപ്പനക്കുന്നിനു സമീപം പാതിരിപ്പള്ളിയില്‍ പാഴ്മരം ഒടിഞ്ഞ് ഇലക്ട്രിക് പോസ്റ്റിനു മുകളില്‍ വീണു. തിരുവനന്തപുരം ഫയര്സ്റ്റേഷനില്നിന്നു സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ പ്രദീപ്, ഷഹീന്, ശ്രീജിത്ത് എന്നിവരാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്.