ബോണക്കാട് എസ്റ്റേറ്റ് ലയങ്ങൾ പുതുവർഷ സമ്മാനമായി നൽകും: മന്ത്രി പി. രാജീവ്
1576573
Thursday, July 17, 2025 7:08 AM IST
വിതുര : പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്കു ലയങ്ങൾ നൽകുമെന്നു മന്ത്രി പി. രാജീവ്. ലയങ്ങളുടെ നവീകരണ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ സാധ്യമായതു ചർച്ച ചെയ്തു തീരുമാനിക്കും. പ്ലാന്റേഷൻ വകുപ്പിൽ നിന്നുള്ള രണ്ടു കോടി രൂപയും തൊഴിൽവകുപ്പ് - പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപയും ഉൾപ്പെടെ നാലു കോടി രൂപ ചെലവിലാണ് 43 ലയങ്ങളുടെ നവീകരണം നടത്തുന്നത്.
186 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഡിസംബർ മാസത്തിൽ പണി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ കളക്ടർ അനുകുമാരി പദ്ധതി വിശദീകരിച്ചു. ജി. സ്റ്റീഫൻ എംഎൽഎ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ ബഹുജന സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ ലേബർ ഓഫീസർ എ. ബിജു എന്നിവർ പങ്കെടുത്തു.